തിരുവനന്തപുരം: അങ്ങനെ കെട്ടിവച്ച കാശും പോയി, പന്തയത്തിലും തോറ്റു. പറഞ്ഞു വരുന്നത് മുൻ ചീഫ് വിപ്പ് പി സി ജോർജിന്റെ കാര്യമാണ്. പീപ്പിൾ ടിവിയുടെ ചർച്ചയിൽ ലൈവായി അവതാരകൻ ജോൺ ബ്രിട്ടാസുമായി പന്തയം വച്ച പി സി ജോർജിന് 5000 രൂപ നഷ്ടം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കെ ദാസിന് പതിനായിരം വോട്ടു ലഭിക്കുമെന്നായിരുന്നു പി.സി. ജോർജിന്റെ പന്തയം. അത്രയും വോട്ടു കിട്ടില്ലെന്നു ജോൺ ബ്രിട്ടാസും പറഞ്ഞു. അതു കിട്ടിയില്ലെങ്കിൽ 5000 രൂപ നൽകാമെന്നായിരുന്നു പി സി ജോർജ് പന്തയം വച്ചത്.

ദാസിന് അത്രയും വോട്ടു കിട്ടില്ലെന്നു ബ്രിട്ടാസ് ഉറപ്പിച്ചുപറഞ്ഞതോടെ പന്തയത്തിനു തയാറാണെന്നു ജോർജ് വ്യക്തമാക്കി. 5000 രൂപ പോക്കറ്റിൽനിന്നെടുത്ത് ബ്രിട്ടാസിനെ ജോർജ് വെല്ലുവിളിച്ചു. ബ്രിട്ടാസ് തുല്യതുകയ്ക്കു വെല്ലുവിളി ഏറ്റെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. അജിത്കുമാറിനെ ഇരുവരും വിളിച്ച് തുക ഏൽപ്പിച്ചു. ഇന്ന് വൈകിട്ടത്തെ ചാനൽ ചർച്ചയ്ക്കിടെ തീർപ്പ് കൽപിക്കാമെന്നായി മധ്യസ്ഥൻ.

എന്നാൽ രാവിലെ 11.30 ഓടെ 155 ടേബിളുകളിലെയും വോട്ട് എണ്ണി കഴിഞ്ഞിട്ടും 1197 വോട്ട് നേടാൻ മാത്രമാണ് കെ. ദാസിന് സാധിച്ചത്. പി.സി. ജോർജിന്റെ സ്ഥാനാർത്ഥിയേക്കാൾ വോട്ടു നോട്ടയ്ക്കും ലഭിച്ചു. ദാസിന് തെരെഞ്ഞെടുപ്പിൽ കെട്ടിവച്ച പണം പോലും തിരിച്ചു കിട്ടാനുള്ള വോട്ട് കിട്ടിയില്ല. ഈ തെരഞ്ഞെടുപ്പിൽ ഏറെ സ്വാധീനമുണ്ടാക്കുമെന്ന് പി.സി. ജോർജ് നിരന്തരം അവകാശപ്പെട്ടിരുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് കെ.ദാസ്. വി എസ്ഡിപിയും നാടാർ സമുദായത്തിന്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നുമായിരുന്നു ജോർജ്ജിന്റെ അവകാശവാദങ്ങൾ. എന്നാൽ, ഫലം വന്നപ്പോൾ അവകാശവാദങ്ങൾ എല്ലാ പൊള്ളയാണെന്ന് തെളിഞ്ഞു. ഇതോടെ പന്തയത്തുക പി സി ജോർജിനു നഷ്ടമായിരിക്കുകയാണ്.

ചീഫ് വിപ്പ് പി സി ജോർജ്ജിനെ സംബന്ധിച്ചിടത്തോളവും അതിനിർണ്ണായകമാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം. യുഡിഎഫിനെതിരായി അഴിമതി വിരുദ്ധ മുന്നണിയുണ്ടാക്കി അവിടെ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ജോർജ്ജിന്റെ തന്ത്രം കാര്യമായ ഫലം കണ്ടില്ല എന്നതാണ് അവസ്ഥ. കാര്യമായ വോട്ട് പിടിക്കാൻ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥി കെ ദാസിന് സാധിക്കാത്തത് ജോർജ്ജിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതു കണ്ടുതന്നെ അറിയേണ്ടിവരും.

ജനഹിത പരിശോധന നടത്തിയശേഷം നിശ്ചയിച്ച സ്ഥാനാർത്ഥിയാണ് കെ. ദാസ്. ജനങ്ങളുടെ ഇഷ്ടമറിയാൻ നടത്തിയ തെരഞ്ഞെടുപ്പിൽ 8,000 പേർ വോട്ടുചെയ്തു. ഇതിൽ 5,400 പേരും ദാസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ. ദാസിനെ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയാക്കിയത്. പിന്തുണയ്ക്കുന്നുണ്ടെന്ന് പി.സി. ജോർജ് അവകാശപ്പെട്ട വി എസ്ഡിപിക്കാർ പോലും ദാസിനു വോട്ടുചെയ്തിട്ടില്ല എന്നാണ് ഫലം സൂചിപ്പിക്കുന്നത്.