- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഘട്ടത്തിൽ 77.83 ശതമാനം പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; പരസ്യ പ്രചാരണം സമാപിച്ചു; വിധിയെഴുതാൻ മധ്യകേരളം ഒരുങ്ങി
തിരുവനന്തപുരം: വിധിയെഴുതാൻ മധ്യകേരളം ഒരുങ്ങി. അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് വൈകിട്ട് അഞ്ചോടെ അവസാനമായി. ആദ്യ ഘട്ടത്തിൽ പോളിങ് ശതമാനം 77.83 ശതമാനമാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2010ൽ ഇത് 77.38 ശതമാനമായിരുന്നു. 0.45 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. നവംബർ അഞ്ചിനു
തിരുവനന്തപുരം: വിധിയെഴുതാൻ മധ്യകേരളം ഒരുങ്ങി. അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് വൈകിട്ട് അഞ്ചോടെ അവസാനമായി.
ആദ്യ ഘട്ടത്തിൽ പോളിങ് ശതമാനം 77.83 ശതമാനമാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2010ൽ ഇത് 77.38 ശതമാനമായിരുന്നു. 0.45 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
നവംബർ അഞ്ചിനു രാവിലെ രണ്ടാംഘട്ട വിധിയെഴുത്തിനായി ജനങ്ങൾ പോളിങ് ബൂത്തിലേക്കു നടക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൊട്ടിക്കലാശത്തോടെ ഇന്നു പ്രചാരണം അവസാനിച്ചത്.
പതിവുപോലെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ പാർട്ടി പ്രവർത്തകർ ആഘോഷമാക്കി. ജില്ലാ കേന്ദ്രങ്ങളിലും ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലും ഇടതുപക്ഷ-വലതുപക്ഷ-ബിജെപി പ്രവർത്തകർ അവസാന മണിക്കൂറിൽ പ്രചാരണം കൊഴുപ്പിച്ചു. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി ഉത്സവച്ഛായയിലാണ് പ്രചാരണം സമാപിച്ചത്.
എറണാകുളം ജില്ലയിൽ അതത് ഡിവിഷനുകളിലാണ് കൊട്ടിക്കലാശം നടന്നത്. തുറന്ന വാഹനങ്ങളിൽ സഞ്ചരിച്ച് വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർത്ഥികൾ വോട്ടുറപ്പിച്ചു. മലപ്പുറം ജില്ലയിലും പ്രധാന പട്ടണങ്ങളിൽ കൊട്ടികലാശം നടത്തിയില്ല. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. തൃശ്ശൂരിലും വിവിധ പാർട്ടികൾ ഒന്നിച്ച് ജില്ലാ ആസ്ഥാനത്തുകൊട്ടിക്കലാശം നടത്തിയില്ല.
യു.ഡി.എഫും എൽ.ഡി.എഫും ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടത്തിയത്. അക്രമ സാധ്യത കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ കൊട്ടിക്കലാശം നടത്തുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൊട്ടിക്കലാശത്തിനെത്തിയ വിവിധ പാർട്ടികൾ നിരത്തുകൾ കീഴടക്കിയത് ആലപ്പുഴയിൽ വാഹന ഗാതഗതം ഭാഗികമായി തടസപ്പെടാൻ ഇടയാക്കി. കനത്ത മഴയ്ക്കിടെയാണ് വിവിധ പാർട്ടികൾ പാലക്കാട്ട് കൊട്ടിക്കലാശം നടത്തിയത്.
നിശബ്ദ പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണു സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും. വ്യാഴാഴ്ച രാവിലെ ഏഴ് ജില്ലകളിലെയും വോട്ടമാർ പോളിങ് ബൂത്തിലെത്തും.
ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളിൽനിന്ന് വോട്ടെടുപ്പു നടക്കുന്ന മറ്റു ജില്ലകളിലേക്കു പൊലീസ് സേനയെ വിന്യസിക്കും. ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ വോട്ടു ചെയ്യാം. ഇരുഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഏഴിനാണ്.
ആദ്യ ഘട്ടത്തിൽ ജില്ലകളിലെ വോട്ടിങ് ശതമാനം:
- തിരുവനന്തപുരം: 72.40
- കൊല്ലം: 76.24
- ഇടുക്കി: 78.33
- കോഴിക്കോട്: 81.46
- വയനാട്: 82.18
- കണ്ണൂർ: 80.91
- കാസർകോട്: 78.43