മലപ്പുറം: തെരഞ്ഞെടുപ്പു പ്രചരണം അവസാന ഘട്ടത്തിലേയ്ക്കടുക്കുമ്പോൾ പ്രചരണത്തിനായി ഏതു വഴിയും തേടുകയാണ് മുന്നണികൾ. ഇതിനിടയിലാണ് മതവിശ്വാസികളുടെ യാഥാസ്ഥിതിക പ്രചരണം. വേങ്ങരയിൽ ഇതും ശക്തമാണ്.

കടുത്ത മതവിശ്വാസികൾ എല്ലാത്തിനേയും ഒരേ വീക്ഷണ കോണിൽ മാത്രം കാണാൻ് ശ്രമിക്കുന്നവരാണ്. ഉണ്ണുന്നതും ഉറങ്ങുന്നതും വസ്ത്രം ധരിക്കുന്നതുമെല്ലാം ഇക്കൂട്ടരുടെ കഴുകൻ കണ്ണു പതിയുന്നിടമാണ്. മതവിശ്വാസികളായ ചലച്ചിത്ര താരങ്ങളുടെ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയും മറ്റും വിമർശിക്കുന്ന യാഥാസ്ഥിക സംഘം തെരഞ്ഞെടുപ്പിലിൽ സജീവമാകുന്നത് സോഷ്യൽ മീഡിയയിലാണ്. ഇത്തരക്കാരുടെ ആക്രമണം ആദ്യം തുടങ്ങിയത് മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി ബഷീറിന്റെ ഭാര്യയ്ക്കെതിരെയാണ്. ബഷീറിന്റെ ഭാര്യ തട്ടമിടുന്നില്ല എന്നതാണ് ഇവർ കണ്ടെത്തിയ കുറ്റം. ഇതിനു ബദലായി യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിന്റെ ഗ്രൂപ്പു ഫോ്‌ട്ടോയും പ്രചരിക്കുന്നു.

ബഷീറിന്റെ ഭാര്യയുടെ തട്ടമിടാത്ത ചിത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണം ഫേസ്‌ബുക്കിൽ വ്യാപകമാണ്. തട്ടമിടാതെ മമ്പുറം മഖാമിനടുത്ത് നിൽക്കുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ലീഗ് പ്രവർത്തകൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം യു.ഡി.എഫ് പ്രവർത്തകർ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ബഷീറും കുടുംബവുമായി പങ്കിടുന്ന മറ്റു ചില ആഘോഷ വേളകളുടേയും ഫോട്ടോകളും പ്രചരിപ്പിക്കുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിന്റെ ചില ചിത്രങ്ങളും ഇതിനു മറുപടിയെന്നോണം പ്രചരിക്കുന്നുണ്ട്. ആദ്യം കാദരിക്ക വീട്ടിലുള്ളവർക്ക് തട്ടമിടാൻ പഠിപ്പിക്കണം എന്ന കമന്റും ചിത്രത്തിനോടൊപ്പമുണ്ട്. രാഷ്ട്രീയപ്രശ്‌നങ്ങളും നയങ്ങൾക്കും ഉപരിയായി വ്യക്തിപരമായിക്കൂടി ആക്രമിക്കുന്ന രീതിയിലേയ്ക്കു വരെ എത്തിനിൽക്കുന്നു വേങ്ങരയിലെ പ്രചരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായ വനിതകളുടെ ഫോട്ടോ പോലും ഉൾപ്പെടുത്താൻ ചില മണ്ഡലങ്ങളിൽ അനുവദിച്ചിരുന്നില്ല . അങ്ങനെയും കേരളത്തിൽ വോട്ടു പ്രചരണം നടന്നിട്ടുണ്ട്.

ഉടുക്കുന്ന മുണ്ടിൽ വരെ രാഷ്ട്രീയം കാണുന്ന നാടാണ് നമ്മുടേത്. ഇതൊക്കെ മതത്തിന്റെ സ്വാധീനം കൊണ്ടു മാത്രമെന്നും പറഞ്ഞൊഴിയാനാവില്ല. താടി വളർത്തുന്നതും താടി വടിക്കുന്നതും എല്ലാം തന്നെ രാ,ഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായിരിക്കുന്നു ഇപ്പോൾ. അതുകൊണ്ടു തന്നെ ഈ പ്രചരണങ്ങൾ നമ്മുടെ കാഴ്ചപ്പാടു മാറും വരെ തുടരും