ആലപ്പുഴ: ജാതി ചോദിക്കരുത്, പറയരുത്... ഇങ്ങനെയൊക്കെ ആണെങ്കിലും വെള്ളാപ്പള്ളിയുടെ ഗുരുദർശനം പുതിയ നിയമത്തിൽ ജാതി പറയണമെന്നു തന്നെയാണ് ആധികാരികമായി പറയുന്നത്. വെള്ളാപ്പള്ളി ഇതു പറയുന്നതിൽ അതിശയോക്തി വേണ്ട. ഗുരുദേവൻ വെള്ളാപ്പള്ളിക്ക് നേരിട്ടു ജാതി ചോദിക്കാൻ അനുവാദം നൽകിയെന്നാണ് പറയുന്നത്.

എന്നാൽ വിപ്ലവ പാർട്ടി ജാതി പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ പൊരുളാണ് അറിയേണ്ടത്. സംസ്ഥാനത്ത് വിപ്ലവപാർട്ടി വോട്ടു നേടാനുള്ള ചില പൊടിക്കൈകളായാണ് ജാതി ചോദിക്കുന്നത്. ജാതിസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽപ്പോലും വിളിച്ചുപറഞ്ഞ സിപിഐ - സി പി എം നേതാക്കളെ കടത്തിവെട്ടിയാണ് ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ സി പി എം സ്ഥാനാർത്ഥി ജാതി പറഞ്ഞും കാണിച്ചും വോട്ടു നേടുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മണ്ണഞ്ചേരി ഉൾപ്പെടുന്ന ഭാഗമാണ് ആര്യാടിന്റെത്. ഇവിടെ വോട്ടു നേടാൻ മുസ്ലിം വേഷം ധരിച്ച വനിതയായി രംഗപ്രവേശനം നടത്തുകയാണ് സ്ഥാനാർത്ഥി. ഹിന്ദുമേഖലയിൽ ഹിന്ദു സ്ത്രീയായും പറന്നു നടക്കുകയാണ് ഈ സ്ഥാനാർത്ഥി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റു കൂടിയായ സ്ഥാനാർത്ഥിക്ക് പാർട്ടി പോസ്റ്റുകൾ അടിച്ചു നൽകിയതും അങ്ങനെ തന്നെയാണ്.

ആര്യാട് ഡിവിഷനിൽ മൽസരിക്കുന്ന ജുമൈലത്ത് ആണ് രണ്ടുവേഷങ്ങളിൽ വോട്ടർമാരെ സമീപിക്കുന്നത്. ഹിന്ദു മേഖലയിൽ തട്ടമിടാതെയും മുസ്ലിം വോട്ടർമാർക്കിടയിൽ തട്ടമിട്ടുമാണ് ജൂമൈലത്തിന്റെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുള്ളത്. സി പി എമ്മിന്റെ പഴയൊരു തന്ത്രംകൂടിയാണിത്. നേരത്തെ ഇത്തരം തന്ത്രത്തിലൂടെ ജാതിയമായി വോട്ടുകൾ നേടാൻ കഴിഞ്ഞതിന്റെ വിശ്വാസത്തിലാണ് ഇക്കുറിയും അടവുനയം പിന്തുടരുന്നത്.

നേരത്തെ വി എം സുധീരനെതിരെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മൽസരിച്ച ഡോ. കെ എസ് മനോജിന്റെ പേരുകളും പോസ്റ്ററുകളും ഇത്തരത്തിലാണ് പതിപ്പിച്ചിരുന്നത്. മനോജിന്റെ പേരുകൾ പട്ടണത്തിൽ എഴുതി പതിപ്പിച്ചിരുന്നത് ഡോ. മനോജ് എന്നായിരുന്നു. എന്നാൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ കുരിശിങ്കൽ മനോജ് എന്നാണ് എഴുതിയതും പ്രചരിപ്പിച്ചതും.

നേരത്തെ നിയമസഭയിലേക്ക് ആലപ്പുഴയിൽനിന്നും സിപിഐ സ്ഥാനാർത്ഥിയായി മൽസരിച്ച പി എസ് സോമശേഖരന്റെ പേര് പൊതുവേ പി എസ് സോമശേഖരനെന്നും ഹിന്ദു നായർ വിഭാഗക്കാർ കൂടുതലുള്ള മേഖലയിൽ സോമശേഖരൻ നായർ എന്നുമാണ് പ്രചരിപ്പിച്ചിരുന്നത്. ഇതാണ് വീണ്ടും പാർട്ടികളെ ഇത്തരത്തിൽ പ്രചരണത്തിന് പ്രേരിപ്പിക്കുന്നത്. ഡോ. മനോജിന്റെ കാര്യത്തിൽ വി എം സുധീരനെതിരെ വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ സോമശേഖര പിള്ളയ്ക്ക് അടിതെറ്റി.

പണ്ടു പയറ്റിനോക്കിയ ആ അടവ് പുറത്തെടുത്താണ് ആര്യാട് ജുമൈലത്ത് സ്ഥാനാർത്ഥിയായത്. ഇപ്പോൾ തട്ടമിട്ട ജുമൈലത്തിന്റെയും തട്ടമില്ലാത്ത ജുമൈലത്തിന്റെയും പടം സോഷ്യൽ മീഡിയയിൽ പറന്നുതുടങ്ങി. ഒപ്പം ചില വരികളും- 'ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജുമൈലത്ത് ഇത്ത ദയവു ചെയ്ത് ഞങ്ങൾ പാവം പ്രജകളെ അവിശ്വസിക്കരുത്..ഞങ്ങൾ ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ വിലയിരുത്തുന്നവരല്ല . തട്ടമിട്ടെന്നു കരുതി മുസ്്‌ലിമെന്ന പേരിൽ ഈ നാട്ടിലെ ഒരു ഹിന്ദുവും നിങ്ങൾക്ക് വോട്ട് ചെയ്യാതിരിക്കില്ല. തട്ടമിടാതിരുന്നതിന്റെ പേരിലും ഒരാളും നിങ്ങൾക്ക് വോട്ട് ചെയ്യുകയുമില്ല. മണ്ണഞ്ചേരിയുടെ മനസ്സ് അതാണ്...'

'... മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ തട്ടമിട്ടും മറ്റു പ്രദേശങ്ങളിൽ തട്ടമിടാതെയും പോസ്റ്റ് പതിച്ചത് ആരുടെ ബുദ്ധിയാണെങ്കിലും അതിനെ തിരുത്താൻ യാഥാർത്ഥ കമ്യൂണിസ്റ്റുകൾ രംഗത്തെത്തണം. തട്ടമിട്ട ജുമൈലത്ത് ഇത്തായെയാണ് മണ്ണഞ്ചേരിയിലെ ഹിന്ദുവിനും മുസൽമാനും ക്രൈസ്തവനുമെല്ലാം പരിചയമുള്ളത്....' ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വാക്കുകൾ.