പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞയുടൻ പല അവതാരങ്ങളും നമ്മൾ കണ്ടു. സിപിഎമ്മുകാരൻ ബിജെപി സ്ഥാനാർത്ഥിയായി. ചേട്ടൻ കോൺഗ്രസിലും അനിയൻ സിപിഎമ്മിലും സ്ഥാനാർത്ഥിയായി..അങ്ങനെ പല കഥകൾ.

ഇവിടെ ചിറ്റാർ പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് കിട്ടാൻ വേണ്ടി സിപിഎമ്മിൽ നിന്ന് മുസ്‌ലിം ലീഗിലേക്ക് ചാടിയ സ്ഥാനാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. പഞ്ചായത്ത് മൂന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ. ഷെരീഫ് ഇപ്പോൾഅങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ സിപിഎമ്മിൽ നിന്ന് ഇദ്ദേഹം മുസ്‌ലിം ലീഗിലേക്ക് ചാടി. അതുകൊണ്ട് കോണി ചിഹ്‌നത്തിൽ മത്സരിക്കേണ്ടി വന്നു.

കാലുമാറ്റക്കാരൻ എന്ന പേരുദോഷവും കളിയാക്കലും വന്നതോടെ കോണി ഉപേക്ഷിച്ച് ചിഹ്‌നം ആപ്പിളാക്കി. രണ്ടു ചിഹ്‌നവും വച്ചുള്ള വ്യത്യസ്ത പോസ്റ്ററുകളും ബാനറുകളും പതിച്ചതോടെ വോട്ടർമാരും ആശയക്കുഴപ്പത്തിലായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പു വരെ ഷെരീഫ് സിപിഐ(എം) ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്നു. മത്സരിക്കാൻ സീറ്റില്ലെന്ന് വന്നതോടെ ലീഗ് നേതാക്കളുമായി ചർച്ച നടത്തി. അവർ സീറ്റ് നൽകാൻ തയാറാണ്. പക്ഷേ, കോണി ചിഹ്‌നത്തിൽ മത്സരിക്കണം. ചിഹ്‌നം ഏതുമാകട്ടെ സീറ്റ് കിട്ടിയാൽ മതിയെന്നായിരുന്നു സ്ഥാനാർത്ഥിക്ക്.

സീറ്റും ചിഹ്‌നവും അനുവദിച്ചു കിട്ടിയതോടെ പോസ്റ്ററും ബാനറും പതിച്ച് ഷെരീഫ് പ്രചാരണവും തുടങ്ങി. ഭവനസന്ദർശനത്തിന് ചെന്നപ്പോഴാണ് സംഗതി തിരിച്ചടിച്ചത്. ഇന്നലെ വരെ സിപിഎമ്മിൽ, ഇന്ന് ലീഗിൽ, ജയിച്ചു കഴിഞ്ഞാൽ ഏതു പാർട്ടിയിലായിരിക്കും താങ്കളെന്ന വോട്ടർമാരുടെ ചോദ്യത്തിന് മുന്നിൽ സ്ഥാനാർത്ഥി വിയർത്തു. രായ്ക്കുരാമാനം ചിഹ്‌നം മാറ്റി ആപ്പിളാക്കി. പുതിയ പോസ്റ്ററും ഒട്ടിച്ചു.

പക്ഷേ, പഴയ പോസ്റ്റർ മാറ്റാൻ വിട്ടു പോയി. ഇപ്പോൾ ഒരു സ്ഥലത്ത് തന്നെ ഷെരീഫിന്റെ രണ്ടു തരം പോസ്റ്ററുകൾ ഉണ്ട്. ഒന്നിൽ ചിഹ്‌നം കോണി, മറ്റേതിൽ ആപ്പിൾ. ആദത്തിനും ഹവ്വയ്ക്കും നാണമുദിച്ചത് ആപ്പിൾ തിന്നപ്പോഴാണെന്ന് വോട്ടർമാർ ഇപ്പോൾ ഷെരീഫിനോട് പറയുന്നുണ്ട്. നാണം വന്നോ എന്ന് അറിയണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയണം.