തിരുവനന്തപുരം: ഇരട്ടവോട്ടു സ്ഥിരീകരിച്ചിട്ടും പ്രശ്നപരിഹാരം കണ്ടെത്താനാകാതെ തെരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പു ചുമതലയിലായതിനാൽ സമയബന്ധിതമായി ഇരട്ടവോട്ടുകൾ നീക്കം ചെയ്യാൻ വെല്ലുവിളികൾ ഏറെയാണ്. അതുകൊണ്ട് തന്നെ പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ടിന് സാധ്യത ഏറെയുമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ നിരീക്ഷണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ. ഇരട്ട വോട്ടുകൾ കള്ളവോട്ടുകൾ ആകില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലയിരുത്തൽ. കോവിഡ് സാഹചര്യത്തിൽ മാസ്‌ക് ധരിച്ചെത്തുന്ന വോട്ടർമാരെ വെബ്കാസ്റ്റിങ്ങിലൂടെ കൃത്യമായി തിരിച്ചറിയാനുമാകില്ല. ഇതും പ്രതിസന്ധിയാണ്.

ഇരട്ടവോട്ടുകൾ ഒഴിവാക്കി പ്രത്യേകപട്ടികയുണ്ടാക്കി പോളിങ് ഓഫീസർമാർക്കു കൈമാറാൻ കമ്മിഷൻ ശ്രമിക്കുന്നുണ്ടെങ്കിലും അതും പ്രായോഗികമല്ലെന്നാണ് സൂചന. സംസ്ഥാനത്ത് നാലുലക്ഷത്തോളം ഇരട്ടവോട്ടുണ്ടെന്നാണ് പരാതി. ആദ്യം പരാതി നൽകിയ അഞ്ചുമണ്ഡലങ്ങളിൽ കലക്ടർമാർ നടത്തിയ പ്രാഥമികപരിശോധയിൽ പരാതിയിലെ 60 ശതമാനംപേർക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തി. വിജ്ഞാപനം വന്നതിനാൽ ഇരട്ടിപ്പ് ഇപ്പോൾ മാറ്റാൻ കഴിയില്ല. ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പിക്കുക മാത്രമാണ് ഏക പോംവഴി.

കൂടുതൽ പരാതികൾക്കു കാത്തുനിൽക്കാതെ എല്ലാ മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷണം നടത്താനാണ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുള്ളത്. യഥാർഥവോട്ടർ എവിടെ താമസിക്കുന്നു, മേൽവിലാസം, ഏതു ബൂത്തിൽ വോട്ടിന് അർഹത എന്നിവ ബൂത്ത് ലെവൽ ഓഫീസർമാർ കണ്ടെത്തണം. വോട്ടർ സ്ലിപ്പ് വിതരണം ചെയ്യുമ്പോൾ എ.എസ്.ഡി. പട്ടികയിലെ (അബ്സൻഡ്, ഷിഫ്റ്റ്, ഡെത്ത്) വോട്ടർമാരെ കണ്ടെത്തി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്കും പ്രിസൈഡിങ് ഓഫീസർമാർക്കും നൽകും. ഒന്നിലധികം വോട്ടു ചെയ്യുന്നത് ഈ പട്ടിക ഉപയോഗിച്ചു തടയാനാണു കമ്മിഷന്റെ ശ്രമം. പക്ഷേ ഇത്തരത്തിൽ പട്ടിക തയ്യാറാക്കാൻ ആകുമോ എന്നതാണ് നിർണ്ണായകം.

സംസ്ഥാനത്തു 4 ലക്ഷത്തോളം വ്യാജ വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം ഒന്നര രണ്ടു ലക്ഷം മാത്രമാണെന്നും അതിലേറെ വോട്ടർമാർ ക്രമവിരുദ്ധമായി പട്ടികയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇടതുപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥരാണു വോട്ടർപട്ടികയിലെ ക്രമക്കേടിനു കൂട്ടുനിന്നതെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം ഭീഷണി ഭയന്നു മറ്റു പാർട്ടികൾക്കു ബൂത്ത് ഏജന്റുമാർ പോലുമില്ലാത്ത സ്ഥലങ്ങളിൽ വ്യാപക കള്ളവോട്ട് ചെയ്യാനും ശ്രമമുണ്ട്.

ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും പലതവണ ആവർത്തിച്ചു വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റിയാണു നേരത്തെ പരാതി നൽകിയത്. എന്നാൽ, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടർമാരെ ഉണ്ടാക്കുന്നതാണു പുതുതായി കണ്ടെത്തിയ ക്രമക്കേടെന്നും ചെന്നിത്തല പറയുന്നു. ഉദുമ നിയോജക മണ്ഡലത്തിലെ ബൂത്തിൽ അഞ്ച് പേര് തെറ്റായി ചേർത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വോട്ടർമാരെ ഇത്തരത്തിൽ ചേർത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരിൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സിപിഎം അതിക്രമത്തെ ഭയന്ന് ആളിരിക്കാൻ തയാറാകാത്ത പല ബൂത്തുകളും കാസർകോട്, കണ്ണൂർ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകൾ നിർബാധം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടു പഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ പേരുള്ളവരും ഒട്ടേറെയുണ്ട്. ഈ രീതിയിൽ മറ്റു മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവർത്തകർ പരിശോധിക്കുകയാണെന്നും ഇത്തരത്തിലുള്ള വ്യാജ വോട്ടർമാരുടെ കാര്യത്തിലും അടിയന്തര നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.