കോൽക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ തൃണമൂൽ മുന്നേറുന്നതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങൾ ഉണ്ടാകാതെ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് നിർദേശിച്ചു.

അതേസമയം, ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജി വൻ വിജയം നേടിയതോടെ തൃണമൂൽ പ്രവർത്തകർ തെര. കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി.

നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ വ്യാപക അക്രമം നടന്നിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ആഹ്ലാദ പ്രകടനങ്ങൾ നിരോധിച്ചതെന്നാണ് റിപ്പോർട്ടുകൾ.