- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന കോടതി പരാമർശം'; മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചെന്ന് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ; റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന് ഹർജിയിൽ ആവശ്യം
ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ മുഖ്യ ഉത്തരവാദികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ടു ചെയ്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ഇത്തരം വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹർജി സമർപ്പിച്ചു.
ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിച്ഛായയെ ഈ റിപ്പോർട്ടുകൾ കളങ്കപ്പെടുത്തി. കോടതിയുടെ പരാമർശം മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ ബംഗാളിലെ ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കോടതി ഉത്തരവ് ലഭ്യമായിരിക്കെ കോടതിമുറിക്കുള്ളിൽ നടക്കുന്നത് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് കമ്മിഷൻ അറിയിച്ചു.
തമിഴ്‌നാട്ടിൽ, തിരഞ്ഞെടുപ്പ് പ്രചാരണം ഏപ്രിൽ 4ന് അവസാനിച്ചിരിക്കെ ഇപ്പോഴത്തെ രോഗവ്യാപനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനെ മാത്രം പഴിചാരാനാകില്ല. കൽക്കട്ട, കേരള ഹൈക്കോടതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച നടപടികളിൽ സംതൃപ്തി അറിയിച്ചിരുന്നു. മാത്രമല്ല, ഇപ്പോൾ ഏറ്റവുമധികം രോഗബാധിതരുള്ള മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
കോവിഡ് രണ്ടാം വ്യാപനത്തിന്റെ മുഖ്യ ഉത്തരവാദി തിരഞ്ഞെടുപ്പു കമ്മിഷനാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നുമാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പറഞ്ഞത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പ് നൽകി. വൻകിട റാലികൾ നടന്നപ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോ എന്നു കമ്മിഷൻ അഭിഭാഷകനോട് കോടതി പൊട്ടിത്തെറിച്ചു.
കരൂർ മണ്ഡലത്തിലെ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയും തമിഴ്‌നാട് ഗതാഗത മന്ത്രിയുമായ എം.ആർ. വിജയഭാസ്‌കർ നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി രൂക്ഷ പരാമർശങ്ങൾ നടത്തിയത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു നിർദ്ദേശം നൽകി. ഇക്കാര്യം 30നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്