- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പു ഡ്യൂട്ടി ഒഴിവാക്കാൻ പലവിധ തന്ത്രങ്ങൾ പുറത്തെടുത്ത് ഉദ്യോഗസ്ഥർ; സ്വാധീനമുള്ളവർ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കപ്പെടുമ്പോൾ ഇളവിന് അർഹതയുള്ളവർക്ക് ലഭിക്കുന്നുമില്ലെന്ന് പരാതി; പക്ഷപാതപരമായി നിലപാടിൽ കൊച്ചു കുഞ്ഞുങ്ങൾ ഉള്ള ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോകേണ്ട അവസ്ഥയിൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ നിന്നും എങ്ങനെ മുങ്ങി നടക്കാം എന്ന് ആലോചിക്കുന്ന നല്ലൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ ഉണ്ട്. ഈ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ പലപ്പോഴും ശ്രമിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഭരണാനുകൂല സംഘടനയിൽ പെട്ടവരിൽ ചിലർ പലവിധ സ്വാധീനം ഉപയോഗിച്ചു ഡ്യൂട്ടികക് പോകാതെ രക്ഷപെടുമ്പോൾ ശരിക്കും ഇത്തരം സ്വാധീനങ്ങൾ ഒന്നുമില്ലാത്തവരാണ് ശരിക്കും പെട്ടു പോകുന്നത്. ഇവരിൽ ചിലർക്ക് ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ അർഹത ഉണ്ടായിട്ടും അതിന് സാധിക്കാത്ത അവസ്ഥയാണ് പലപ്പോഴുമുള്ളത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യാഗസ്ഥരുടെ പട്ടികയിയിൽ സാങ്കേതിക പിഴവുകളും ഉണ്ടായിട്ടുണ്ട്. അതത് ജില്ലാതല വകുപ്പ് മേധാവികൾ തങ്ങളുടെ അധീനതയിലുള്ള എല്ലാ ഓഫീസിലേയും ഇലക്ഷൻ ഡ്യൂട്ടി ഒഴിവാക്കാൻ അർഹതയുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് റിമാർക്സും ശുപാർശയും സഹിതം അതത് കലക്ടറേറ്റിലെ ഇ സെക്ഷനിൽ നേരിട്ടെത്തിക്കണമെന്ന നിർദേശമുണ്ടായിരുന്നു. ഇത് പ്രകാരം നിരവധി അപേക്ഷകൾ ലഭിച്ചെങ്കിലും ഇളവു ലഭിക്കണമെങ്കിൽ രാഷ്ട്രീയ ശുപാർശകൾ വേണ്ട അവസ്ഥയാണ് ഉണ്ടാകാറ്.
പരിശീലനത്തിന് നിർദേശിക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും അതതു പരിശീലന കേന്ദ്രത്തിൽ കൃത്യ സമയത്ത് എത്തി പരിശീലനം നടത്തിവരികയാണ്. പ്രത്യേകാനുമതി ലഭിച്ച 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളുള്ള മുലയൂട്ടുന്ന അമ്മമാർ, ആറ് മാസത്തിന് മേലെയുള്ള ഗർഭിണികൾ, വ്യക്തമായ ആരോഗ്യകാരണങ്ങളാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് അംഗീകരിച്ചു ഇളവ് ലഭിച്ചവർ, പ്രത്യേക കാരണങ്ങളാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഒഴിവാക്കിയ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കു മാത്രമേ അപേക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇളവുണ്ടായിരിക്കുകയുള്ളൂ.
എന്നാൽ ഇവർ നിർബന്ധമായും ട്രെയിനിങ് ക്ലാസിൽ പങ്കെടുക്കണം. രേഖാമൂലം ഒഴിവാക്കിയാൽ മാത്രമേ ട്രൈനിങ്ങിൽ നിന്ന് ഒഴിവാക്കുകയുള്ളൂ. പ്രഥമ അദ്ധ്യാപകർക്കോ മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്കോ പ്രത്യേക ഇളവുകൾ ഇല്ല. കാരണങ്ങൾ ഇല്ലാതെയും തെറ്റായ വിവരങ്ങൾ നൽകിയും ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെകർശന നടപടി സ്വീകരിക്കണം എന്നതാണ് നിർദ്ദേശം. എന്നാൽ, പലപ്പോഴും ഇത്തരം നിർദേശങ്ങളൊന്നും നടക്കാറില്ലെന്നതാണ് വാസ്തവം.
പലപ്പോഴും യാതൊരു അസുഖവും ഇല്ലാത്തവരും മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായി എത്തി സ്വാധീനവും ചെലുത്തി ഇളവുകൾ നേടുന്നു. ഒരു കുടുംബത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കും തെരഞ്ഞടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സംഭവങ്ങളുണ്ട്. ഇത്തരത്തിൽ ദമ്പതികൾ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകേണ്ടി വരുന്നത് അടക്കം ബുദ്ധിമുട്ടുള്ള കാര്യമായി പരാതികൾ ഉയർന്നു വരുന്നുണ്ട്. റവന്യൂ ഡിപ്പാർട്ടുമെന്റുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളവരും കുടുംബ ബന്ധം ഉള്ളവരും ഈ സ്വാധീനം ഉപയോഗിച്ചു ലിസ്റ്റ് കലക്ടറേറ്റിൽ എത്തപ്പെടാത്ത സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചില സകൂളുകളിലെയും ഓഫീസുകളിലും കൂട്ടത്തോടെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ നിന്നും രക്ഷപെടുന്നു എന്നും ആരോപണമുണ്ട്. റെവന്യൂ ഡിപ്പാർട്ട്മെന്റിലെ ഒരു ക്ലാർക്ക് വിചാരിച്ചാൽ പോലും ഇത്തരത്തിൽ ലിസ്റ്റ് അട്ടിമറിക്കപ്പെടുന്നു എന്ന പരാതിയും ചിലയിടങ്ങളിൽ ഉയർന്നിട്ടണ്ട്.
അടുത്തിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ സ്ഥാനാർത്ഥിയും ഇടംപിടിച്ചിരുന്നു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലമായ മണലൂരിലെ പ്രിസൈഡിങ് ഓഫീസറായാണ് ബിന്ദുവിന് ഡ്യൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ സാങ്കേതിക പിഴവാണെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ കേരള വർമ കോളെജ് പ്രിൻസിപ്പലായിരുന്ന ആർ ബിന്ദു എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. വിരമിക്കാൻ രണ്ട് വർഷം ബാക്കിയിരിക്കെയാണ് ബിന്ദുവിന്റെ വിരമിക്കൽ. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിൽ ബിന്ദുവിന്റെ പേരും ഉൾപ്പെടുകയായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിനു മുമ്പേ തൃശൂർ ശ്രീ കേരള വർമ കോളെജിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയതു മൂലം സംഭവിച്ച പിഴവാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ബിന്ദുവിനെ പേരും വരാൻ കാരണമെന്ന് കലക്ടർ അറിയിച്ചു. ഇത് സാങ്കേതിക പിഴവാണെന്നും വേറെ ആൾക്ക് ചുമതല നൽകുമെന്നും ജില്ലാകലക്ടർ വ്യക്തമാക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ