മലപ്പുറം: തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്ന് കാരണമില്ലാതെ വിട്ടു നിന്നതിനു മലപ്പുറം ജില്ലയിലെ 26 ജീവനക്കാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ കെ.ഗോപാലകൃഷ്ണൻ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

തിരുരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ ഡ്യൂട്ടി നൽകിയവരാണു ജോലിക്കു ഹാജരാകാതിരുന്നത്. ഈ മണ്ഡലങ്ങളിൽ 78 പേരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതെന്ന് റിട്ടേണിങ്ങ് ഓഫിസർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരോടു വിശദീകരണം നൽകാൻ ജില്ലാ ഭരണകൂടം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

തൃപ്തികരമായ മറുപടി നൽകാൻ കഴിയാതെ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്ന 26 പേർക്കെതിരെയാണു കലക്ടർ നടപടി എടുത്തത്. ഇവർക്കെതിരെ 25നകം അച്ചടക്ക നടപടി എടുക്കാൻ വകുപ്പ് തലവന്മാർക്കു കലക്ടർ നിർദ്ദേശം നൽകി.