- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമിസംഘം ഷാജഹാന്റെ കയ്യിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾകൊണ്ടു വെട്ടുകയും ചെയ്തു; ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും മോഷ്ടിച്ചത് പത്ത് ലക്ഷത്തോളം രൂപ; കൊടകരയ്ക്ക് പിന്നാലെ കായംകുളത്തും സമാന കേസ്; സിപിഎം നേതാവിന്റെ കൈയിലുണ്ടായിരുന്നതും ഇലക്ഷൻ ഫണ്ടോ?
കായംകുളം: കൊടകരയ്ക്ക് പിന്നാലെ കായംകുളത്തും തെരഞ്ഞെടുപ്പ് ഫണ്ട് മോഷണമോ? കാറിൽ സഞ്ചരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും 2 ബന്ധുക്കളെയും ബൈക്കിലെത്തിയ ഗുണ്ടാസംഘം കാർ തടഞ്ഞു നിർത്തി ആക്രമിച്ച് 9,85,000 രൂപ തട്ടിയെടുത്തതായി പരാതിയാണ് കള്ളപ്പണത്തിന്റെ സൂചന നൽകുന്നത്.
സിപിഎം കൊറ്റുകുളങ്ങര ബി ബ്രാഞ്ച് സെക്രട്ടറി കിഴക്കേ അയ്യത്ത് വീട്ടിൽ ഷാജഹാൻ, ഭാര്യാസഹോദരൻ കൊറ്റുകുളങ്ങര ഇടശ്ശേരി ജംക്ഷൻ പൊന്നറ വീട്ടിൽ മുഹമ്മദ് റാഫി, ഇവരുടെ ബന്ധു മൗമൂനത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികളിൽ എരുവ സ്വദേശി മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് 2 പേർ ഓടി രക്ഷപ്പെട്ടു. പത്ത് ലക്ഷവുമായി യാത്ര ചെയ്യാൻ ആർക്കും അവകാശമില്ല. അപ്പോഴാണ് ബ്രാഞ്ച് സെക്രട്ടറിയുടെ യാത്ര.
തെരഞ്ഞെടുപ്പിൽ ചെലവഴിക്കാത്ത പണം മാറ്റിയതാണെന്ന സംശയം സജീവമാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിന് 9,85,000 രൂപയുമായി പോകുമ്പോൾ മുഹമ്മദ് റാഫിയുടെ വീടിന് സമീപത്ത് ഇന്നലെ വൈകിട്ട് നാലിനാണ് ആക്രമണമുണ്ടായതെന്നാണ് സിപിഎം പറയുന്നത്. മറ്റ് അസ്വാഭാവികതകൾ അവർ കാണുന്നുമില്ല. എന്നാൽ ഒരാൾക്ക് പരമാവധി നേരിട്ട് കൈകാര്യം ചെയ്യാൻ നിയമം അനുവദിക്കുന്നത് രണ്ട് ലക്ഷം രൂപവരെയാണ്.
ഇവിടെ ബ്രാഞ്ച് സെക്രട്ടറിയുടെ കൈയിൽ പത്ത് ലക്ഷം ഉണ്ടായിരുന്നു. ഇത് തന്നെയാണ് കൊടകരയിലും കണ്ടത്. അവിടെ 25 ലക്ഷവുമായി ചിലർ കാറിൽ പോയി. ആ പണം മറ്റൊരു സംഘം തട്ടിയെടുത്തു. അതുകൊണ്ട് തന്നെ കായംകുളത്തും വിശദഅന്വേഷണം വേണമെന്ന ആവശ്യം സജീവമാണ്.
അക്രമിസംഘം ഷാജഹാന്റെ കയ്യിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾകൊണ്ടു വെട്ടുകയും ചെയ്തു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരനാണ് മുഹമ്മദ് റാഫി. രക്ഷപ്പെടാൻ ശ്രമിച്ച, അക്രമി സംഘത്തിലെ മിഥുനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വ്യക്തത വരുത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കൊടകര പണം കവർച്ചകേസിൽ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചനയെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ രംഗത്തു വന്നിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ വച്ച് കാറിലെത്തിച്ച പണം കവർന്നത്. തന്റെ 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി കൊടകര പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇത് മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചത്. ബിജെപിക്കായി കൊണ്ടുവന്ന പണമാണെന്ന് എൽഡിഎഫ് ആരോപിക്കുകയും ചെയ്തിരുന്നു.
ഇതിന് സമാനമാണ് കായംകുളത്തേയും അന്വേഷണം. തട്ടിയെടുത്തത് തെരഞ്ഞെടുപ്പിലെ പണമാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കും. ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യം ചെയ്യാനാണ് പദ്ധതി.
മറുനാടന് മലയാളി ബ്യൂറോ