ന്യൂഡൽഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 15നാണ് ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ ലോക്‌സഭ ഉപതെരഞ്ഞെടുപ്പും അതേദിവസം നടക്കും. വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടക്കും.

സെപ്റ്റംബർ 20ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 27. സൂക്ഷ്മപരിശോധന 29ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ വി എസ് സമ്പത്താണ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്. നിഷേധവോട്ടിനുള്ള നോട്ട സൗകര്യവും ഇത്തവണ ലഭ്യമാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മഹാരാഷ്ട്രയിലെ ബീഡ് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇന്നു പ്രഖ്യാപിച്ചത്. കശ്മീരിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. കശ്മീരിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ജമ്മു കശ്മീരിലെയും ഝാർഖണ്ഡിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡ പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസ് അധികാരത്തിലേറും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എല്ലാവരും തൃപ്തരാണ്. അതിനാൽ അടുത്തതവണയും കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്നും ഹൂഡ പറഞ്ഞു.

ഹരിയാനയിൽ 1.615 കോടി വോട്ടർമാരും മഹാരാഷ്ട്രയിൽ 8.259 കോടി വോട്ടർമാരുമാണുള്ളത്. നിലവിൽ ഹരിയാനയിലെ കക്ഷിനില (ആകെ 90) കോൺഗ്രസ് 40, ഐഎൻഎൽഡി 31, എച്ച്‌ജെസി 5, ബിജെപിസഖ്യം 4 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസിന് 82 സീറ്റുണ്ട്. എൻസിപി 62, ബിജെപി 46, ശിവസേന 44, മറ്റു പാർട്ടികൾ 54 എന്നതാണ് കക്ഷിനില. മഹാരാഷ്ട്രയിൽ ആകെ 288 സീറ്റാണുള്ളത്.