കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയ ദേവികുളത്തെ എഐഡിഎംകെ-എൻഡിഎ സ്ഥാനാർത്ഥി ധനലക്ഷ്മിയും ഹൈക്കോടതിയിലേക്ക്. സ്വന്തം നിലയ്ക്ക് കേസ് നൽകുമെന്ന് ധനലക്ഷ്മി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നാമനിർദ്ദേശ പത്രിക തള്ളിയ തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ഇവരുടെ ഹർജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. അപൂർവമായാണ് ഞായറാഴ്ച കോടതി കേസ് പരിഗണിക്കുന്നത്. വരണാധികാരിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ് പത്രിക തള്ളാൻ ഇടയാക്കിയതെന്നാണ് എൻഡിഎ സ്ഥാനാർത്ഥികൾ ഹർജിയിൽ പറയുന്നത്.

എൻഡിഎയുടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയതോടെയാണ് പ്രതിസന്ധിയായത്. ഇതടക്കം നാലു സ്ഥാനാർത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്.

2016 ൽ മൂന്ന് മുന്നണികൾക്കെതിരെ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മൽസരിച്ച ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ദേവികുളം സീറ്റിൽ എഐഎഡിഎംകെയെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ദേവികുളത്ത് അഡ്വ. എ രാജയാണ് സിപിഎം സ്ഥാനാർത്ഥി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി കുമാർ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. കണ്ണൻ ദേവൻ കമ്പനിയുടെ കീഴിലെ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷൻ സ്വദേശിയായ കുമാർ യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്ത് സജീവമായത്. അഞ്ചുവർഷം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കുണ്ടള സ്വദേശിയാണ് മുപ്പത്തിയേഴുകാരനായ ഇടതു സ്ഥാനാർത്ഥി രാജയും. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗമായ രാജ 2009 മുതൽ ദേവികുളം മുൻസിഫ് കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു. തോട്ടം മേഖലയിൽ ഭൂരിപക്ഷമുള്ള പറയൻ സമുദായത്തിൽ നിന്നുള്ളവരാണ് ഇവർ.