- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡീൽ ഓർ നോ ഡീൽ? ഇത്തവണ ആവനാഴിയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം 'ഡീൽ'; നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഡീലെന്ന് കുമ്മനം; ബിജെപിയും കോൺഗ്രസും തമ്മിൽ ഒത്തുകളിയെന്ന് പിണറായി; തലശേരിയിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടത്തിന് ധാരണയായി എന്ന് കെ.മുരളീധരൻ; വട്ടിയൂർക്കാവിൽ കോൺഗ്രസ് ബിജെപിക്ക് വോട്ടു മറിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ സ്ഥാനാർത്ഥികൾ അടക്കം നേതാക്കൾ ഡീൽ ആരോപണങ്ങളുമായി രംഗത്ത് വരികയാണ്. ചില മണ്ഡലങ്ങളിൽ സിപിഎം -ബിജെപി ഡീലെന്നും, മറ്റിചിലടത്ത് കോൺഗ്രസും സിപിഎമ്മും തമ്മിലും ഇനി വേറെ ചിലടത്ത് ബിജെപി-കോൺഗ്രസ് ഡീലെന്നുമൊക്കെ തുറന്നടിക്കുന്നു. വോട്ടർമാരിൽ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തലസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വീറും വാശിയും കൂടുകയാണ്.
ഏറ്റവുമൊടുവിൽ നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഡീലെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രംഗത്തെത്തി. നേമത്ത് ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ ഭാഗമാണെന്ന് കുമ്മനം ആരോപിച്ചു. കഴക്കൂട്ടം മണ്ഡലത്തിലടക്കം സിപിഎം അക്രമം അഴിച്ച് വിടുകയാണ്. മന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ല. സിപിഎം നേതാക്കൾ പറയുന്നത് പോലെ അല്ല പൊലീസ് പ്രവർത്തിക്കേണ്ടത്. സിപിഎമ്മിന് ഫാസിസ്റ്റ് രീതിയാണ്. പരാജയ ഭീതിയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു
അതേസമയം, നേമത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളിയെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചത്. കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ പൂർണമായ തിരുത്തൽ നടപടിയായി കാണുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു, കഴിഞ്ഞ തവണ മണ്ഡലത്തിൽ നടന്ന ഒത്തുകളിയെക്കുറിച്ച് അവിടെ ജയിച്ച സ്ഥാനാർത്ഥിയും തോറ്റ സ്ഥാനാർത്ഥിയും വ്യക്തമാക്കിയതാണ്. കേരളം പോലൊരു സംസ്ഥാനത്ത് ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോൺഗ്രസ് ഒരുക്കിക്കൊടുത്തത്. ഇത് സംസ്ഥാനത്തിന് വലിയതോതിലുള്ള ദുഷ്പേരുണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഒരുസീറ്റിനായി കോൺഗ്രസ് എത്രത്തോളം അധഃപതിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. തൊട്ടപ്പുറത്തുള്ള സീറ്റ് ജയിക്കാനായാണ് നേമത്ത് കോൺഗ്രസ് ബിജെപിയെ ജയിപ്പിച്ചത്. ഇത്തവണയും അതുപോലുള്ള കാര്യങ്ങൾ ഉയർന്നുവരുന്നുണ്ട്. മലമ്പുഴയിൽ പ്രത്യക്ഷത്തിൽ തന്നെ ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് നടന്നത്. ഇക്കാര്യം പുറത്തായപ്പോഴാണ് കോൺഗ്രസിന് തിരുത്തേണ്ടി വന്നത്. രഹസ്യ നീക്കങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പ്രാദേശിക ധാരണ ശരിയായ കാര്യമാണെന്നും അത് തുടരുമെന്ന് രാജഗോപാൽ പറഞ്ഞത് ഇതുകൊണ്ടാണ്. കോൺഗ്രസ് നേതാക്കളിൽ പ്രധാനികൾ തന്നെ ഇത്തരത്തിലുള്ള നീക്കുപോക്കുകൾക്ക് സന്നദ്ധമാകുന്നു. ഇതിന്റെ ഭാഗമായി ചിലയിടത്ത് വോട്ട് മറിച്ചുകൊടുക്കാനും ചിലയിടത്ത് വോട്ട് സ്വീകരിക്കാനും രണ്ടും കൂട്ടരും തയ്യറാകുന്നുണ്ട്. ഇതെല്ലാം ജനങ്ങൾ തിരിച്ചയറിയുന്നുണ്ടെന്ന് അവർ മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നേമം മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ പറയുന്നു. ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശേരിയിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടത്തിന് ധാരണയായി എന്നും മുരളീധരൻ ആരോപിച്ചു.
വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎമ്മും ഒത്തുകളി നടത്തുന്നു എന്ന ആരോപണവുമായി കോൺഗ്രസിന്റെ തിരുവനന്തപുര സെൻട്രൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ശിവകുമാർ, വട്ടിയൂർക്കാവിലെ വീണ എസ് നായർ എന്നിവർ മുന്നോട്ടുവന്നിരുന്നു.
എന്നാൽ, വട്ടിയൂർക്കാവിൽ കോൺഗ്രസ് ബിജെപിക്ക് വോട്ടു മറിക്കുമെന്ന് സിപിഎമ്മും ആരോപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി വട്ടിയൂർക്കാവിൽ നിൽക്കുന്ന വീണ.എസ്.നായർ ഒരു അഡ്ജസ്റ്റ്മെന്റ് സ്ഥാനാർത്ഥിയാണ്. വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിയായ വി.വി.രാജേഷിനു വിജയിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ്-ബിജെപി രഹസ്യ ധാരണ ഈ മണ്ഡലത്തിൽ വന്നു കഴിഞ്ഞിട്ടുണ്ട്. വീണയുടെ വരവ് കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സിപിഎം ആരോപിക്കുന്നു.
തിരുവനന്തപുരത്ത് തന്റെ ജയം ഉറപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ശിവകുമാറാണ് ഈ ഡീലിന്റെ പിന്നിലെന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ആരോപിച്ചത്. 'ബിജെപിയുമായി കോൺഗ്രസ് ഒത്തുകളിച്ചാണ് ദുർബലയായ സ്ഥാനാർത്ഥിയായ വീണ എസ്.നായരെ വട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കിയത്. ശാസ്തമംഗലം വാർഡിൽ പോലും വിജയിക്കാൻ കഴിയാത്ത സ്ഥാനാർത്ഥിയാണ് വീണ. ഈ വീണയെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത്.'-ആനാവൂർ പറഞ്ഞു. ഇതിനെതിരെ വീണയും കെ.മുരളീധരനും അടക്കമുള്ളവർ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഏതായാലും ഡീൽ എന്ന വാക്ക് ഇത്തവണ രാഷ്ട്രീയ കക്ഷികൾ പരസ്പരം അമ്മാനമാടി കളിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ