- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരുപറഞ്ഞു കഴക്കൂട്ടത്ത് ഭിന്നത ഉണ്ടെന്ന്; ഇവിടെ പാർട്ടി ഒറ്റക്കെട്ട്; ശോഭ സുരേന്ദ്രന്റെ റോഡ് ഷോയിൽ പങ്കെടുത്ത് വോട്ട് തേടി കെ.സുരേന്ദ്രൻ; ശോഭയുടെ വരവോടെ മണ്ഡലത്തിലെ എൻ.ഡി.എ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും സംസ്ഥാന അദ്ധ്യക്ഷൻ; നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്ന് സ്ഥാനാർത്ഥിയും
കഴക്കൂട്ടം: തിരുവനന്തപുരത്ത് നേമത്തിന് പുറമേ ബിജെപി ഏറ്റവുമധികം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കഴക്കൂട്ടത്തേത്.മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഡോ.എസ്.എസ്.ലാലും എതിരാളികളായ പോരാട്ടത്തിൽ ശോഭ സുരേന്ദ്രന് വിജയം ഉറപ്പിക്കാൻ കിണഞ്ഞശ്രമമാണ് പാർട്ടി നടത്തുന്നത്. സ്ഥാനാർത്ഥി നിർണയ സമയത്തെ തർക്കങ്ങൾ മാറ്റി വച്ചുള്ള പ്രവർത്തനമാണ് മണ്ഡലത്തിൽ. ശോഭ സുരേന്ദ്രന് വോട്ട് തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എത്തി. ശോഭയെ സ്ഥാനാർത്ഥിയാക്കുന്നതിൽ സംസ്ഥാന അദ്ധ്യക്ഷന് ഇഷ്ടക്കേട് ഉണ്ടായിരുന്നുവെന്ന വാർത്തകളെ പഴങ്കഥയാക്കി ആയിരുന്നു റോഡ് ഷോയും വോട്ടുതേടലും.
ശോഭാ സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിലെ എൻ.ഡി.എ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാർട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രൻ വിജയിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രന് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രൻ പങ്കെടുത്തു.
മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ മത്സര രംഗത്ത് ഉണ്ട് . തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടക്കാണ് കഴക്കൂട്ടത്തും എത്തിയത്. കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലോ പ്രചാരണത്തിലോ ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തതു കൊണ്ട് നീക്കുകയായിരുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രചാരണം അവസാനലാപ്പിലേക്ക് കടന്നതോടെ വിജയം മാത്രം ലക്ഷ്യമാക്കി പോരാടുകയാണ് ബിജെപി.
മറുനാടന് മലയാളി ബ്യൂറോ