-തിരുവനന്തപുരം: ഹൈക്കോടതി ഹർജി തീർപ്പാക്കിയെങ്കിലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരിക്കുന്നത്. എന്നാൽ, വോട്ടർ പട്ടികയിൽ 38,586 പേർക്കു മാത്രമാണ് ഇരട്ട വോട്ടു കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ, ഇത് ശരിയല്ലെന്നും ഇതംഗീകരിക്കാൻ ആവില്ലെന്നുമാണ് ചെന്നിത്തലയുടെ നിലപാട്.

ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി ഒമ്പത് മണിയോടെ www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവർ ബൂത്തിൽ സത്യവാങ്മൂലം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സില്ലായില്ലെന്നും ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഒരിക്കലും ശരിയല്ല. അവർ വേണ്ട രീതിയിൽ പരിശോധിച്ചിട്ടില്ല. ബി.എൽ.ഒമാരോടാണ് കമ്മീഷൻ പരിശോധിക്കാൻ ആവശ്യപ്പെട്ടത്. ബി.എൽ.ഒമാർക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. അടുത്ത ബൂത്തിലും പഞ്ചായത്തിലും വോട്ടുള്ളവരുടെ കാര്യം അവർക്കറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

'4,34,000 വോട്ടുകൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാൾ കൂടുതൽ വ്യാജന്മാരുണ്ട്. www.operationtwins.com എന്ന വെബ്സൈറ്റിലൂടെ വ്യാജവോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിടും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഇത് പരിശോധിക്കാം. രാഷ്ട്രീയപാർട്ടി പ്രവർത്തകർക്ക് ലിസ്റ്റ് പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ചെയ്യേണ്ടതായിരുന്നു. വിപുലമായ പഠനത്തിലൂടെയാണ് ഞാനും എന്റെ സഹപ്രവർത്തകരും ഇത് കണ്ടെത്തിയത്' ചെന്നിത്തല പറഞ്ഞു.

കള്ളവോട്ട് ചെയ്യുന്നവർ സത്യവാങ്മൂലം നൽകണമെന്ന് പറയുന്നത് മാത്രം തനിക്ക് മനസ്സിലായില്ല. കള്ളവോട്ടുള്ളവർ ആരെങ്കിലും തുറന്ന് സമ്മതിക്കുമോയെന്നും അത് താമാശയായിട്ടേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിഷയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

ഇരട്ടവോട്ടുള്ളവരെ നേരത്തെ കണ്ടെത്തുക, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ട് വെച്ചത്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് ഇരട്ടവോട്ട് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. വോട്ടെടുപ്പ് സുഗമമാക്കാൻ ആവശ്യമെങ്കിൽ കേന്ദ്ര സേനയെയും നിയോഗിക്കാം.

സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരിക്കുന്നത്. എന്നാൽ, വോട്ടർ പട്ടികയിൽ 38,586 പേർക്കു മാത്രമാണ് ഇരട്ട വോട്ടു കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ പറഞ്ഞു. ഇവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിങ് ഓഫിസർക്കു കൈമാറുമെന്നും ഇരട്ട വോട്ടു തടയുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബിഎൽഒ) പരിശോധനയിലാണ് 38,586 ഇരട്ട വോട്ടുകൾ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറുന്നതോടെ ഇരട്ട വോട്ടു തടയാനാവും. തെരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കമ്മിഷനു ബാധ്യതയുണ്ട്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പു നടത്തുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. വോട്ടർപട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു.

ഇരട്ടവോട്ടുള്ളവർ ഒരു സ്ഥലത്തുമാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു. ഇതിന് ആവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണം. വോട്ടർപട്ടികയിൽ ഒന്നിലധികം സ്ഥലത്ത് പേരുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം. ജനാധിപത്യ പ്രക്രിയയിൽ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നത് അനിവാര്യമാണ്. ഒരാൾ ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരു സ്ഥലത്ത് പേരു ചേർക്കുമ്പോൾ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാൻ മാർഗമില്ലേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിലേറെ ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചത്. സ്വന്തം നിലയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ വോട്ടുകൾ തങ്ങൾ കണ്ടെത്തിയതെന്നും കമ്മീഷന് പിന്നെ എന്തുകൊണ്ട് ഇത് കണ്ടെത്താനാകുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ ചോദിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും കമ്മീഷൻ നടപടി സ്വീകരിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ ഹർജി പതിനൊന്നാം മണിക്കൂറിലാണെന്നായിരുന്നു കമ്മീഷൻ സത്യാവങ്മൂലം.

പട്ടികയിലെ തെറ്റ് തിരുത്താനും ചൂണ്ടിക്കാണിക്കാനുമുള്ള അവസരം പ്രതിപക്ഷ നേതാവ് ഉപയോഗിച്ചില്ല. വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് ഇരട്ടവോട്ടുകൾ തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.