തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് രാഷ്ട്രീയ കക്ഷി നേതാക്കളുടെ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഇതിൽ ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ്. യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തിൽ തിരിച്ചു വരുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലുടനീളം വോട്ടർമാരിൽ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. അഞ്ചു വർഷം കൊണ്ടു കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്.

പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സർക്കാരിന്റെ അഴിമതികൾ ഇടതുപക്ഷത്തിന്റെ തനിനിറം ജനങ്ങൾക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആർ.എജൻസികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സർക്കാർ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തർ തിരിച്ചറിഞ്ഞു.

പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടു. നിരവധി യു.ഡി.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യു.ഡി.എഫ് പ്രവർത്തകർ സംയമനം വിടരുതെന്ന് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.

വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടർപട്ടികയിൽ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യു.ഡി.എഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തിൽ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കുകയും ചെയ്തതിനാൽ കള്ളവോട്ട് വലിയ തോതിൽ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉൾപ്പടെ പലേ സ്ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷമായ പരിശോധന വരും ദിവസങ്ങളിൽ യു.ഡി.എഫ് നടത്തും. ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നതിനാൽ യു.ഡി.എഫ് പ്രവർത്തകർ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങൾക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി.