തിരുവനന്തപുരം: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനൊപ്പം സിപിഎമ്മിലും അവ്യക്തത. ബിജെപി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭ്യൂഹമാണ് സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നശേഷമേ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങൂ. മുൻ സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ സുലേഖയെ തന്നെ അരുവിക്കരയിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. പക്ഷേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരുമിച്ച് നടത്തുന്ന നീക്കങ്ങൾക്ക് സുലേഖ സമ്മതം മൂളിയിട്ടില്ല.

വിജയസാധ്യത തന്നെയാണ് പ്രശ്‌നം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം രണ്ട് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. രണ്ടിലും യുഡിഎഫിനായിരുന്നു വിജയം. ടിഎം ജേക്കബ്ബിന്റെ മരണത്തിൽ പിറവത്ത് വോട്ടെടുപ്പ് നടക്കുമ്പോൾ രാഷ്ട്രീയമെല്ലാം കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായിരുന്നു. അരുവിക്കരയിൽ ചിത്രം ഒട്ടും വ്യക്തമല്ല. ബാർ കോഴ വിവാദവും സോളാർ കേസുമെല്ലാം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയമായി കോൺഗ്രസ് സർക്കാരിന് തിരിച്ചടിയാണ്.

എന്നാൽ 24 വർഷം അരുവിക്കര പ്രദേശത്തെ ജനപ്രതിനിധിയായിരുന്നു കാർത്തികേയൻ. ഇടതുപക്ഷ സ്വാധീനമേഖലയായിരുന്ന പ്രദേശത്തെ വലതു മുന്നണിയിൽ ഉറപ്പിച്ച് നിറുത്തിയത് കാർത്തികേയന്റെ വ്യക്തിപ്രഭാവമായിരുന്നു. മണ്ഡലത്തിലുടനീളം കാർത്തികേയന്റെ വിടവാങ്ങലിന്റെ ദുഃഖം എല്ലാ വിഭാഗം ജനങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. ഈ സഹതാപ തരംഗ അരുവിക്കരയിൽ ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സുലേഖയെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. എന്നാൽ മുന്നണിയിലെ പടലപിണക്കങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങൾ കാരണം സഹതാപ തരംഗം വഴിമാറിയാൽ കാര്യങ്ങൾ മാറി മറിയും.

എന്താകും അരുവിക്കരയിൽ ഉണ്ടാവുക എന്നത് പ്രവചിക്കാൻ ആർക്കും കഴിയുന്നില്ല. സുലേഖയുടെ സ്ഥാനാർത്ഥിത്തത്തെ ജില്ലാ കോൺഗ്രസ് കമ്മറ്റി എതിർക്കുന്ന സാഹചര്യവുമുണ്ട്. ജയിക്കുമെന്ന് ആർക്കും ഉറപ്പില്ലാത്ത അരുവിക്കരയിൽ അതുകൊണ്ട് തന്നെയാണ് കാർത്തികേയന്റെ കുടുംബം മൗനം തുടരുന്നത്. മത്സരിച്ച് തോറ്റാൽ അത് കാർത്തികേയന്റെ വ്യക്തി പ്രഭാവത്തിന് കൂടിയുള്ള തിരിച്ചടിയാകുമെന്ന ബോധം അവർക്കുണ്ട്. രാഷ്ട്രീയ ഘടകങ്ങളെല്ലാം അനുകൂലമായിരുന്നുവെങ്കിൽ കാർത്തികേയന്റെ വികാരത്തിന്റെ പിൻബലത്തിൽ ജയിക്കാമായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ജയസാധ്യതയിലെ സംശയം തന്നെയാണ് ഇടതു പക്ഷത്തിന്റേയും പ്രശ്‌നം. ആരെന്ത് പറഞ്ഞാലും സീറ്റ് സിപിഎമ്മിന് തന്നെയെന്നാണ് സൂചന. മുൻ സ്പീക്കർ എം വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് താൽപ്പര്യവും. പക്ഷേ വിജയകുമാറിനെ പോലൊരാളെ മത്സരിപ്പിച്ചാൽ ജയിക്കണം. അല്ലാത്ത പക്ഷം രാഷ്ട്രീയ പോരിൽ യുഡിഎഫിനോട് തോറ്റുവെന്ന അവസ്ഥ വരും. അത് തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം സിപിഎമ്മിനെ ബാധിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിഷയവുമുണ്ട്. സിപിഐ(എം) പാർട്ടി കോൺഗ്രസിന് ശേഷം നേതൃത്വവുമായി സഹകരിക്കാൻ പറ്റില്ലെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് എത്തിയാൽ സിപിഐ(എം) വലിയ പ്രതിസന്ധിയിലുമാകും. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ടിപി ചന്ദ്രശേഖരൻ കൊലപാതകവുമായി ബന്ധപ്പെട്ട് വി എസ് നടത്തിയ നീക്കങ്ങൾ സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.

ഇതെല്ലാം മനസ്സിൽ വച്ചാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കം. വിശ്വസ്തരിൽ പ്രധാനിയായ വിജയകുമാറിന് രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്ന കളികൾ വേണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. ആ സാഹചര്യത്തിൽ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കുന്നതും പരിഗണിക്കും. ശക്തനായ ബിജെപി സ്ഥാനാർത്ഥി എത്തിയാലും അത് ദോഷം ചെയ്യുക സിപിഎമ്മിനെയാകും. നെയ്യാറ്റിൻകരയിൽ രാജഗോപാൽ 30,000 വോട്ട് നേടിയതുകൊണ്ടാണ് സിപിഐ(എം) ആറായിരം വോട്ടിന് തോറ്റതെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ സ്വാധീനം മനസ്സിലാക്കി മാത്രമേ വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കൂ. ബിജെപിക്കായി സുരേഷ് ഗോപി മത്സരിക്കാനെത്തുമെന്ന സാധ്യതകൾ കൂടി കണക്കിലെടുത്താണ്.

ഡിവൈഎഫ്‌ഐ നേതാവ് സുനിൽകുമാർ, സിഐടിയു ജില്ലാ നേതാവ് വികെ മധു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ള മറ്റുള്ളവർ. മുൻ എംഎൽഎ അരുദ്ധതിയെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. എന്നാൽ എല്ലാ ഘടകങ്ങളും പരിശോധിച്ച് മാത്രമേ സ്ഥാനാർത്ഥിയെ നിർത്തൂ.