കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അട്ടിമറിച്ച് ബിജെപിക്ക് വിജയം. എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ രണ്ടും. നഗരസഭയിലെ 11ാം ഡിവിഷനായ ഇളമനത്തോപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനായ സിപിഐഎമ്മിലെ കെടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

46ാം ഡിവിഷനായ പിഷാരി കോവിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രതി ബിജുവാണ് വിജയിച്ചത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊച്ചി കോർപ്പറേഷൻ 62ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർത്ഥി പത്മജ എസ് മേനോനാണ് വിജയിച്ചത്.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 250 വോട്ട് കൂടുതൽ പോൾ ചെയ്തിരുന്നു. കൗൺസിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി പത്മജ എസ് മേനോനും യുഡിഎഫിനായി അനിത വാര്യരും എൽഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്.

ഏറ്റുമാനൂരിലും ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ നായർ വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള ഇടത് സാധ്യത ഇല്ലാതായി. ബിജെപിക്ക് 307 വോട്ടും എൽഡിഎഫിന് 224 വോട്ടും കോൺഗ്രസിന് 151 വോട്ടും നേടി. നഗരസഭയുടെ 35 ാം വാർഡിലെക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി കെ മഹാദേവനും യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽ കുമാറുമാണ് മത്സരിച്ചത്.

ബിജെപി അംഗം ജോലി കിട്ട് രാജിവെച്ച് പോയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. നേരത്തെ എൽഡിഎഫിന് മേൽകൈ ഉണ്ടായിരുന്ന വാർഡായിരുന്നു. തുടർന്ന് വാർഡ് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മുന്നണി. എൽഡിഎഫിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വിഎൻ വാസവൻ, മുൻ എംഎൽഎ സുരേഷ് കുറുപ്പ്, കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, സിപിഐ. ജില്ലാ സെക്രട്ടറി സികെ ശശിധരൻ, എൻസിപി നേതാവ് ലതികാ സുഭാഷ്, മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംജിത്ത്, സ്റ്റീഫൻ ജോർജ് എന്നിവർ എൽഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.182 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 19 പേർ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിങ്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.