തിരുവനന്തരപുരം: ഏറെ കാത്തിരുന്ന പോളിങ്ങ് അവസാനിച്ച് കഴിഞ്ഞപ്പോൾ കേരളത്തിലെ ഇരു മുന്നണികൾക്കും ആശങ്ക ബാക്കി. പോളിന് തൊട്ട് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ വൻ അടിയൊഴുക്കുകളാണ് കേരളത്തിൽ നടന്നത്. വർഷങ്ങളായി വോട്ട് കച്ചവടക്കാരായി മുദ്ര കുത്തപ്പെട്ട ബിജെപി ഇക്കുറി ഒരു വോട്ട് പോലും പാഴാക്കാതെ സ്വന്തം വോട്ട് പലതരത്തിൽ ശേഖരിച്ചത് തന്നെയാകും ഈ തെരഞ്ഞെടുപ്പ് വിധിയിൽ നിർണ്ണായകമാകുക. ബിജെപിക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പാലക്കാട് ഒഴികെ എല്ലായിടത്തും മുഴുവൻ വോട്ടുകളും നേതൃത്വം പെട്ടിയിൽ വീഴ്‌ത്തിയതായാണ് റിപ്പോർട്ട്. ഇത് ആർക്കു ഗുണം ഉണ്ടാക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചിലയിടങ്ങളിൽ എങ്കിലും ബിജെപി വോട്ട് ധ്രുവീകരണം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സൂചന.

വോട്ട് കച്ചവടം നടക്കില്ല എന്ന് ഉറപ്പായിട്ടും ചില ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി കോൺഗ്രസ് നേതൃത്വം രംഗത്തിറങ്ങിയതായാണ് അവസാന നിമിഷം ലഭിക്കുന്ന റിപ്പോർട്ട്. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചാണക്യ തന്ത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നീക്കം നടന്നത് പ്രധാനമായും പത്തനംതിട്ടയിലായിരുന്നു. മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയായ ആന്റോ ആന്റണി തോൽക്കപ്പെടും എന്ന റിപ്പോർട്ടിനെത്തുടർന്ന് മണ്ഡലംകാരനായ പി ജെ കുര്യൻ എഴുതിയുണ്ടാക്കിയ തിരക്കഥ ആയിരുന്നു ഇതെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപി സ്ഥാനാർത്ഥി എംടി രമേഷിന്റെ പ്രചരണത്തിന് പണം ഒഴുക്കിയും പിന്തുണ നൽകിയുമാണ് ആന്റണിയുടെ അനിവാര്യമായ പരാജയം കോൺഗ്രസ് നേതൃത്വം തടഞ്ഞത്. ആന്റോ വിരുദ്ധ വോട്ടുകൾ പീലിപ്പോസിന് പോകാതെ രമേശിന് പോകാൻ വേണ്ടി ആയിരുന്നു ഈ ചാണക്യ തന്ത്രം സൃഷ്ടിച്ചത്.

പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അതുകൊണ്ട് തന്നെ ഇത്തവണ വൻ മുന്നേറ്റം നടത്തുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം വോട്ടെങ്കിലും എംടി രമേശിന് ലഭിക്കാൻ സാധ്യതയുണ്ട്. ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷമാണ്. മണ്ഡലത്തിലെ സർവ്വ ഹിന്ദു വോട്ടുകളും രമേശിന് അനുകൂലമായി ധ്രുവീകരിക്കപ്പെടുകയായിരുന്നു. ആറന്മുള എയർപോർട്ട് അടക്കമുള്ള വിഷയങ്ങളിൽ മണ്ഡലത്തിലെ ഹിന്ദുക്കൾക്കുള്ള പ്രതിഷേധമാണ് രമേശിന് അനുകൂലമായി മാറിയത്. ഈ ധ്രുവീകരണം മൂലം ത്രികോണ മത്സരത്തിന്റെ സ്വഭാവം പൂണ്ടതിനാൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

മറുനാടൻ മലയാളി സർവ്വേയിൽ ഇടത് മുന്നണിക്ക് ലഭിക്കുമെന്ന് സൂചിപ്പിച്ച ഏഴ് മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. ഇത് യുഡിഎഫിന് അനുകൂലമായി മാറുമ്പോൾ പക്ഷേ, യുഡിഎഫിന് അനുകൂലമായി നിന്ന ഇടുക്കിയിൽ വൻ അടിയൊഴുക്ക് നടന്നു എന്നത് ഇടത് മുന്നണിക്ക് ആശ്വാസമാകുന്നുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും ഹൈറേഞ്ചിൽ യുഡിഎഫിന് ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നാണ് വോട്ടിങ്ങിന് ശേഷം ലഭിക്കുന്ന സൂചനകൾ. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടത് മുന്നണിയും സംയുക്തമായി നിർത്തിയ സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജിന് അനുകൂലമായി സഭാനേതൃത്വം പരസ്യമായി തന്നെ രംഗത്തിറങ്ങിയതും കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ തിരിച്ചടിയെക്കുറിച്ചുള്ള ആശങ്ക തുടർന്നതും തങ്ങളുടെ സ്വന്തം പ്രതിനിധി എംപിയായി ഉണ്ടാകുന്നതാണ് ഉചിതം എന്ന തോന്നലിലേക്ക് രാഷ്ട്രീയ ജാതി മതഭേദമനേ്യ ഹൈറേഞ്ചിലെ വോട്ടർമാരെ തിരിച്ചതായി സൂചന ഉണ്ട്. ഇവിടങ്ങളിലെ കേരളാ കോൺഗ്രസ് പ്രവർത്തകരും നിർജ്ജീവമായിരുന്നു.

മലബാറിന്റെ ഉയർന്ന പോളിങ് ശതമാനം ഇരുമുന്നണികളും തങ്ങൾക്ക് അനുകൂലമാണ് എന്ന് പറയുന്നുണ്ട്. വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. വടകര, നാദാപുരം പ്രദേശങ്ങളിൽ ഇഞ്ചോടിഞ്ച് വോട്ടിങ് നടന്നു. ഇവിടെ ആർഎംപി സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടും ബിജെപി വോട്ടുകളും നിർണായകമാകും. അവസാന നിമിഷത്തിൽ ബിജെപി വോട്ടുകൾ പോക്കറ്റിൽ വീഴ്‌ത്താൻ യുഡിഎഫ് ശ്രമം ഉണ്ടായെങ്കിലും അത് വിജയിച്ചതായി അറിവില്ല. അതേസമയം 20,000 വോട്ടുകൾക്കെങ്കിലും വടകര തിരിച്ചു പിടിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. എന്നാൽ യുഡിഎഫ് ഇവിടെ അവകാശവാദങ്ങൾക്ക് തയ്യാറായിട്ടില്ല.

എസ്ഡിപിഐയ്ക്കും വെൽഫെയർ പാർട്ടിക്കും സ്ഥാനാർഥികളുണ്ടായത് മണ്ഡലത്തിലെ മോദി വിരുദ്ധ വോട്ടുകളെ ഛിന്നഭിന്നമാക്കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിലും സമാനമായ സ്ഥിതിയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എസ്ഡിപിഐ പോലുള്ള കക്ഷികൾക്ക് ശക്തി പരീക്ഷണത്തിന്റെ കൂടി വേദിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകൾ സ്വന്തമാക്കാൻ ഇവിടെ എസ്ഡിപിഐയും ശ്രമിച്ചിട്ടുണ്ട്. ഇത് ഇരുമുന്നണികളെയും ഒരു പോലെ ആശങ്കയിലാക്കിയിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. കോഴിക്കോട് വിജയരാഘവന് പ്രതീക്ഷയുണ്ടെങ്കിലും ഇടതുകേന്ദ്രങ്ങളിൽ മുന്നേറാൻ സാധിച്ചില്ലെങ്കിൽ ആ പ്രതീക്ഷ അസ്ഥാനത്താകും. ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളിൽ കൂടിയ പോളിങ് നടന്നത് ഇടതിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം കൊടുവള്ളിയിലും കുന്ദമംഗലത്തും മുസ്ലിംലീഗ് വോട്ടുകൾ രാഘവന് അനുകൂലമാകുമെങ്കിലും ഇവിടങ്ങളിൽ നിന്നും എത്രവോട്ടിന്റെ ലീഡ് നേടാൻ സാധിക്കുമെന്നതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കില്ലെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ സിപിഐ(എം) വോട്ടർമാരിൽ കാര്യമായ ആവേശം ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് മുഴുവനായും സംഭവിച്ച ഹിന്ദു വോട്ട് ധ്രുവീകരണത്തിൽ പ്രതീക്ഷ അർപ്പിച്ച് കഴിയുകയാണ് ബിജെപിയും. പത്തനംതിട്ടയിൽ സംഭവിച്ചത് പോലെയുള്ള ധ്രുവീകരണം നടന്നാൽ തിരുവനന്തപുരത്ത് ജയിക്കാമെന്ന കണക്ക് കൂട്ടൽ ഇപ്പോഴും ബിജെപിക്കുണ്ട്. ഇടത് സ്ഥാനാർത്ഥിയുടെ മികവിനെക്കുറിച്ചും ഉണ്ടായ ആക്ഷേപവും ജാതീയമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതും വലിയതോതിൽ ദോഷം ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം വോട്ടുകൾ ശശിതരൂരിന് അനുകൂലമായി വീണതായാണ് കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ ഹിന്ദു വോട്ട് ഏകീകരിച്ചാൽ ജയം തങ്ങൾക്കൊപ്പം ആണെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. മോദി ഘടകവും ഒ രാജഗോപാലിന് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം കാസർഗോഡ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നടത്തിയ പടയോട്ടം തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക സിപിഎമ്മിന് ശക്തമായുണ്ട്. മോദി വിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ യുഡിഫ് സ്ഥാനാർത്ഥി സിദ്ധിഖിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം പാലക്കാട് എംപി വീരേന്ദ്രകുമാർ ബിജെപി വോട്ട് വിലക്ക് വാങ്ങി എന്ന ആരോപണം സജീവമായിട്ടുണ്ട്. ബിജെപിയുടെ വിമത നേതാവായ ശോഭാ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടാൻ നേതൃത്വത്തിനു പോലും താൽപര്യം ഇല്ലാത്ത സാഹചര്യത്തിൽ വീരേന്ദ്രകുമാർ അതിൽ പലതും വശത്താക്കി എന്നാണ് ആരോപണം. രണ്ടായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ വിജയിച്ച എംബി രാജേഷിന് ആശങ്ക നൽകുന്നതാണ് ഈ റിപ്പോർട്ട്. മണ്ഡലത്തിന്റെ പ്രവർത്തന മികവിന്റെ വെളിച്ചത്തിൽ മാത്രമാണ് രാജേഷ് വിജയം പ്രതീക്ഷിക്കുന്നത്.