തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ബിജെപിക്ക് അത്ര ആശാവഹമല്ലാത്ത ചില റിപ്പോർട്ടുകളും പുറത്തുവരുന്നു. കേരളത്തിൽ ബിജെപിക്ക് നേതൃത്വം നൽകുന്ന മുന്നണിക്ക് ഒരു വോട്ട് ലഭിക്കാത്ത നൂറുകണക്കിന് ബൂത്തുകളുണ്ടെന്നത് ബിജെപിയുടെ ശക്തി സംബന്ധിച്ചുള്ള നേതാക്കന്മാരുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ്.

സംസ്ഥാനത്ത് എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് പൂജ്യം വോട്ട് മാത്രം ലഭിച്ച 318 ബൂത്തുകളാണുള്ളത്. ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച ബിജെപിയുടെ അഭിമാനപോരാട്ടം നടത്തിയ മഞ്ചശ്വരത്തും കോന്നിയിലുമുള്ള ബൂത്തുകളും ഇവയിൽ ഉൾപ്പെടുന്നു എന്നതതാണ് അത്ഭുതം. രണ്ട് മണ്ഡലങ്ങളിലേയും രണ്ട് ബൂത്തുകളിൽ സുരേന്ദ്രൻ സംപൂജ്യനായി. ബിജെപിക്ക് ഒരു വോട്ട് മാത്രം കിട്ടിയ 493 ബൂത്തുകളും സംസ്ഥാനത്ത് ഉണ്ട്. പൊന്നാനിയിലാണ് എൻ.ഡി.എക്ക് വോട്ടില്ലാത്ത ഏറ്റവുമധികം ബൂത്തുകളുള്ളത്. ഇവിടെ 34 എണ്ണത്തിൽ എൻ.ഡി.എ പൂജ്യംകൊണ്ട് തൃപ്തിപ്പെട്ടു.

ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് സംസ്ഥാനത്താകമാനം വോട്ട് കുറഞ്ഞിരുന്നു. മിക്ക ജില്ലകളിലും ഇതായിരുന്നു സ്ഥിതി. എറണാകുളം ജില്ലയിലെ 13 മണ്ഡലത്തിലും ഇത്തവണ എൻ.ഡി.എയുടെ വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. കുന്നത്തുനാട്ടിൽ 11.10ൽനിന്ന് 4.66 ശതമാനം ആയാണ് ബിജെപിയുടെ വോട്ടുവിഹിതം കുറഞ്ഞത്. തൃപ്പൂണിത്തുറയിൽ 2016ൽ 19.29 ശതമാനമുണ്ടായിരുന്ന ബിജെപി വോട്ട് 15.2 ആയി കുത്തനെ കുറഞ്ഞിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെച്ചൊല്ലി എൻ.ഡി.എയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. മുന്നണി വിടാനുള്ള ആലോചന ബി.ഡി.ജെ.എസിൽ ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബിജെപിയിൽ നിന്നുള്ള കുത്തുവാക്കുകൾ തുടരുന്ന സാഹചര്യത്തിൽ ഇനിയും നാണംകെട്ട് തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് അണികൾ. ബിജെപി വ്യാപകമായി വോട്ട് മറിച്ച ശേഷം അതിന്റെ പഴി ബി.ഡി.ജെ.എസിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് അവർ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ എൻ.ഡി.എ ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മുന്നണി വിട്ടിരുന്നു. മറ്റൊരു ഘടകകക്ഷി കാമരാജ് കോൺഗ്രസാകട്ടെ, കോവളം മണ്ഡലത്തിൽ താമര ചിഹ്നത്തിൽ മത്സരിച്ച് ദയനീയമായി തോറ്റു. സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനുവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ ബി.ഡി.ജെ.എസ് നിർജീവമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലും അവർക്ക് ജയിച്ചുകയറാൻ കഴിഞ്ഞില്ല. ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും ബിജെപി കണക്കുകൂട്ടുന്നു. ബി.ഡി.ജെ.എസിന്റെ ഈഴവ വോട്ടുകൾ കൂട്ടത്തോടെ എൽ.ഡി.എഫിലേക്ക് പോയതായും കണക്കുകൾ ഉദ്ധരിച്ച് അവർ പറയുന്നു.