മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഇരുപത്തിനാലിടങ്ങളിലായി 456 സീറ്റുകളിൽ ഔദ്യോഗികമായും നൂറ് സീറ്റുകളിൽ അനൗദ്യോഗികമായും യു.ഡി.എഫിലെ സഖ്യകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ പ്രധാന മത്സരം. ഈ സീറ്റുകളിലെല്ലാം മുസ്ലിം ലീഗ് വ്യക്തമായ സ്വാധീനമുണ്ടാക്കുമെന്നാണ് സൂചന. സിപിഐ(എം)-സിപിഐ കക്ഷികളിലെ ഭിന്നതയും ലീഗിന് ഗുണകരമാണ്. ജില്ലയിൽ ആകെയുള്ള 1778 വാർഡുകളിൽ 556 സീറ്റികളിൽ മുസ്ലിം ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കും.

മലപ്പുറത്ത് പതിനൊന്നിടങ്ങളിൽ സിപിഎമ്മും സിപിഐയും തമ്മിലടിയിലാണ്. സിപിഎമ്മിന്റെ കണക്ക് പ്രകാരം 11 പഞ്ചായത്തുകളിലും നഗരസഭകളിലും പ്രശ്‌നമുണ്ടെന്നു കണ്ടെത്തി. ഇതിനൊപ്പം മൂന്നിയൂർ, നിലമ്പൂർ, പൊന്നാനി, വെട്ടം, വെട്ടത്തൂർ എന്നിവിടങ്ങളിൽ പ്രശ്‌നം നിലനിൽക്കുണ്ട്. പാർട്ടി വിഭാഗീയതയുടെ പേരിൽ നിലമ്പൂരിൽ സിപിഐ(എം). കൗൺസിലറടക്കം മൂന്നു പേരെ പുറത്താക്കുകയും ഏഴുപേരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഈ ഭിന്നതയുടെ അലയൊലികൾ ജില്ലയിൽ ഇടനീളം കാണുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് നേട്ടമുണ്ടാക്കാനുള്ള ഇടത് ശ്രമങ്ങൾക്ക് മങ്ങലേൽക്കുന്നത്.

മലപ്പുറം ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും കാളികാവ് ബ്ലോക്കിലേക്കുമായി 456 സീറ്റിലാണു നേർക്കുനേർ പോരാട്ടത്തിനു ലീഗും കോൺഗ്രസും അനുമതി നൽകിയത്. മറ്റിടങ്ങളിൽ പ്രാദേശിക പാർട്ടി പ്രവർത്തകർതന്നെ റിബൽ സ്ഥാനാർത്ഥിയായി. തേഞ്ഞിപ്പലം, വെട്ടത്തൂർ, കൂട്ടിലങ്ങാടി, കുറുവ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും പരപ്പനങ്ങാടി നഗരസഭയിലും ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുകളിൽവരെ ലീഗ് കോൺഗ്രസ് സൗഹൃദ മത്സരമുണ്ട്.

കൊണ്ടോട്ടി നഗരസഭയിൽ 40 സീറ്റിലേക്കും കാളികാവ് ബ്ലോക്കിലെ 14 സീറ്റിലേക്കും മത്സരം നടക്കുന്നുണ്ട്. പഞ്ചായത്തുകളിൽ ചോക്കാട്18, എടപ്പറ്റ15, കരുവാരക്കുണ്ട്21, കാളികാവ്19, പോരൂർ17, തിരുവാലി 16, ആനക്കയം23, മൂത്തേടം15, ഒഴൂർ 18, പൊന്മുണ്ടം16, ചെറിയമുണ്ടം18, പെരുമണ്ണ ക്ലാരി16, തെന്നല17, എടരിക്കോട്16, പെരുവള്ളൂർ19, ചീക്കോട്18, മുതുവല്ലൂർ 14, വാഴക്കാട്19, വേങ്ങര23, കണ്ണമംഗലം23, നന്നമ്പ്ര21, മാറാക്കര20 സീറ്റുകളിലാണു ഔദ്യോഗികമായി കൈപ്പത്തിയും കോണിയും തമ്മിൽ മത്സരം.

ആകെയുള്ള 94 പഞ്ചായത്തുകളിൽ ഔദ്യോഗിക കണക്കിനു പുറമെ വെട്ടത്തൂരിലാണു കൂടുതൽ നേർക്കുനേർ പേരാട്ടം. ഈ പഞ്ചായത്തിൽ 13 സീറ്റുകളിൽ റിബൽ സ്ഥാനാർത്ഥികളുണ്ട്. അനൗദ്യോഗികമായി മത്സരം നടക്കുന്നതു 95 ശതമാനവും യു.ഡി.എഫ്. സംവിധാനത്തിൽ കോൺഗ്രസിന് അനുവദിച്ച സീറ്റുകളിലാണ്. ഇതും ലീഗിന്റെ ശക്തി കേന്ദ്രങ്ങളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിൽ താഴെ പഞ്ചായത്തുകളിൽ മാത്രമാണു സൗഹൃദ മത്സരങ്ങൾ നടന്നത്. കോൺഗ്രസ് - ലീഗ് തർക്കം പരിഹരിക്കാൻ നിയോഗിച്ച ഉപസമിതിക്കു പ്രശ്‌നം പരിഹരിക്കാനോ ഇവരുമായി ചർച്ചനടത്താൻപോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എല്ലായിടത്തും മത്സരം കടുക്കുക തന്നെ ചെയ്യും.