കൊച്ചി: കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ സോഷ്യൽ മീഡിയ ഇന്നത്തെ പോലെ സജീവമായിരുന്നില്ല. അത് ഒരു തരത്തിൽ സ്ഥാനാർത്ഥികൾക്ക് ഗുണവും ദോഷവും ആയിരുന്നു. പ്രചരണം കൊഴുപ്പിക്കാൻ എളുപ്പമാണ് എന്നത് ഗുണകരമായ കാര്യമായി മാറുമ്പോൾ സ്ഥാനാർത്ഥിയുടെ ചെറിയ പിഴവു പോലും സോഷ്യൽ മീഡിയയിൽ ആഘോഷമാകും എന്നതാണ് ദോഷകരമായ വശം. എന്തായാലും സോഷ്യൽ മീഡിയയിലെ വിരുതന്മാർ കണ്ണുംനട്ടിരിക്കയാണ്. ട്രോളിംഗിനായി ഒരു അവസരം കിട്ടുന്നത് കാത്ത്.

തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ അതിനുള്ള അവസരവും ഇഷ്ടം പോലെയാണ്. തെരഞ്ഞെടുപ്പ് ചൂടു മൂർദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമ്പോഴും സോഷ്യൽ മീഡിയയിൽ ചിരി തന്നെയാണ്. ചിരിക്കാനുള്ള അവസരം മുന്നണികളും സ്ഥാനാർത്ഥികളും തന്നെ ഒരുക്കി തരുമ്പോൾ പിന്നെ എങ്ങനെ ചിരിക്കാതിരിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഭാര്യയ്ക്ക വോട്ടഭ്യർത്ഥിച്ച് ഭർത്താവിന്റെ പടവുമായുള്ള ഫ്‌ലക്‌സ് മലയാളികൾ സോഷ്യൽ മീഡിയയിൽ ശരിക്കും ആഘോഷിച്ചിരുന്നു. അവിടം കൊണ്ട് മാത്രം തീർത്തില്ല. സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള ചുവരെഴുത്തുകളെ വലിച്ചു കീറി പോസ്റ്ററൊട്ടിക്കുകയാണ് ഇപ്പോൾ ട്രോളന്മാരുടെ പ്രധാന ഹോബി!

എന്തായാലും ഫേസ്‌ബുക്കിലെ കളിയാക്കലുകൾ ഒരു വശത്ത് നടക്കുമ്പോൾ തിരിച്ചടിയാകുന്നത് സ്ഥാനാർത്ഥികൾക്ക് തന്നെയാണ്. ഹാസ്യരൂപേണ സ്ഥാനാർത്ഥികളെയും മുന്നണികളെയും അവതരിപ്പിക്കുന്ന വിരുതന്മാർ ഇതിനകം സമൂഹ മാദ്ധ്യമങ്ങളായ വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും താരമായികഴിഞ്ഞു. ഇവർ പ്രചരണത്തോടൊപ്പം തന്നെ രംഗം കൊഴുപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ ചുവരെഴുത്തിലെ അക്ഷരതെറ്റുകളായിരുന്നു ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എല്ലാ പണിയും ബംഗാളികളെ ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കുമെന്ന മുന്നറിയിപ്പോടെയാണ് ഫേസ്‌ബുക്കിൽ ട്രോളന്മാർ ഇത്തരമൊരു പോസ്റ്റുമായി എത്തിയത്്. ശ്രീകുമാറിനെ ശ്രീകുറിനും ലതാമുരളിയെ ലതമുളരിയും ഒ. അംബികാദേവിയെ ഒ.അംബംകാദേവിയും മണിയെ മണയും ഒക്കെയാക്കിയ ചുവരെഴുത്തിലെ അക്ഷര തെറ്റുകളായിരുന്നു സോഷ്യൽ മീഡിയക്ക് ചിരിക്കാനുള്ള വക നൽകിയത്.

രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവർത്തകരെ കിട്ടുന്നില്ലെന്നും ചുവരെഴുത്ത് അടക്കമുള്ളവ പണംനൽകി ഇതരസംസ്ഥാനക്കാർ അടക്കമുള്ള തൊഴിലാളികളെ ഏൽപ്പിക്കുകയാണെന്നുമാണ് ഇത്തരം പോസ്റ്റുകളിലൂടെ ഒരു വിഭാഗം സമർഥിക്കുന്നത്. ബഹുവർണ ചിത്രങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളെ പ്രതിരോധിക്കാൻ പാർട്ടി നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും കഴിയാത്ത സ്ഥിതിയാണ്. എന്നാൽ, കളിയാക്കൽ ചില ഘട്ടങ്ങളിൽ അതിരുവിടുന്നുമുണ്ട്. ഇതാണ് ചാനലുകൾക്ക് ആഘോഷമാക്കാനുള്ള അവസരവും നൽകിയത്. ഇത്തരത്തിൽ ഒന്നായിരുന്നു ഇന്നലെ സരിതയെ മാതാവായി ചിത്രീകരിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെ വിവാദത്തൽ ആക്കിയതും.