കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു സംബന്ധിച്ചു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഒക്ടോബർ 17നകം വാർഡ് വിഭജനം പൂർത്തിയാക്കാമെന്നാണു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്.

ജില്ലാപഞ്ചായത്തുകളുടെ പട്ടിക ഒക്ടോബർ 16നകം പൂർത്തിയാക്കും. ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബർ 14ന് പുറത്തിറക്കും. ഒക്ടോബർ 19ന് വിജ്ഞാപനം പുറത്തിറക്കും. നവംബർ 24ന് മുൻപ് തിരഞ്ഞെടുപ്പ് നടത്താം. നവംബർ 28ന് വോട്ടെണ്ണാമെന്നും സർക്കാർ വ്യക്തമാക്കി.

ഡിസംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. നവംബറിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും തമ്മിൽ ധാരണയായിരുന്നു.

പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂർ കോർപ്പറേഷനിലും ഉൾപ്പെടെയാണ് തെരഞ്ഞെടുപ്പ്. പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂർ കോർപ്പറേഷനിലും മാത്രമായിരിക്കും പുനഃക്രമീകരിച്ച വാർഡുകൾ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ്. മറ്റെല്ലായിടത്തും 2010ലെ വാർഡുകൾ അതേപടി നിലനിൽക്കും.

അന്തിമതീരുമാനം ഹൈക്കോടതിയുടെ വിധിക്കനുസരിച്ചായിരിക്കും. വ്യാഴാഴ്ച കോടതി കേസ് പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. നവംബർ 20 നുശേഷം ഏഴ് ജില്ലകളിൽ വീതം രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് നടത്തി ഡിസംബർ ഒന്നിന് ഭരണസമിതികൾ ചുമതലയേൽക്കും.

നവംബർ 24, 26 എന്നീ തീയതികൾ അനൗപചാരികമായി സർക്കാർ പരിഗണിച്ചിട്ടുണ്ടെങ്കിലും സത്യവാങ്മൂലത്തിൽ തീയതി ഉൾപ്പെടുത്തില്ല. സൗകര്യപ്രദമായ തീയതി തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനാണ്. നവംബർ ഒന്നിനായിരുന്നു പുതിയ സമിതികൾ അധികാരമേൽക്കേണ്ടത്. വൈകുന്നതിനാൽ ഒരു മാസത്തേക്ക് അഡ്‌മിനിസ്‌ട്രേറ്റർക്ക് ഭരണച്ചുമതല നൽകും.

2010 ലും രണ്ട് ദിവസമായാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒക്ടോബർ 23 നായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണയും രണ്ട് ദിവസമായിരിക്കും തെരഞ്ഞെടുപ്പ്. ജില്ലകളും തീയതിയും തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കും. തീയതി തീരുമാനിക്കാനുള്ള അവകാശം കമ്മീഷനാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരും കമ്മീഷനും തമ്മിലെ ഒത്തുതീർപ്പിൽ കോടതി ഇടപെടില്ലെന്നാണ് സൂചന. ഈ പ്രതീക്ഷയിലാണ് സർക്കാരും.

പുതിയ മുനിസിപ്പാലിറ്റികളിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന സർക്കാരിന്റെ അഭ്യർത്ഥന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ കെ.ശശിധരൻ നായർ അംഗീകരിക്കുകയായിരുന്നു. കമ്മിഷണർ ആവശ്യപ്പെട്ടപ്രകാരം സമയക്രമം പാലിക്കാമെന്ന് സർക്കാരും സമ്മതിച്ചു. കോടതി ഈ ധാരണ അംഗീകരിച്ചാൽ അതനുസരിച്ചും അല്ലെങ്കിൽ കോടതി നിർദ്ദേശിക്കുന്ന പ്രകാരവും തെരഞ്ഞെടുപ്പ് നടക്കും.

പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപ്പറേഷനും രൂപവത്കരിച്ചത് നേരത്തേ കോടതി അംഗീകരിച്ചിട്ടുണ്ട്. ഇവയിലെ വാർഡുകൾ പുനഃക്രമീകരിക്കുന്നത് അനുസരിച്ചുള്ള ബ്ലോക്ക് പുനഃസംഘടനക്ക് സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതനുസരിച്ച് 30 ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമാണ് പുനഃക്രമീകരിക്കേണ്ടിവരിക. വാർഡ് വിഭജനത്തിലെ സങ്കീർണത ഒഴിവാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടന ഇപ്രകാരം പരിമിതപ്പെടുത്തിയത്. ഒക്ടോബർ 15 ഓടെ വാർഡ് വിഭജന നടപടികളെല്ലാം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

പുതിയ മുനിസിപ്പാലിറ്റികളിൽ തിരഞ്ഞെടുപ്പ് നടത്താൻ അവിടത്തെ വാർഡുകൾക്കനുസരിച്ച് വോട്ടർ പട്ടിക പുനഃക്രമീകരിക്കണം. ഇതും ഒക്ടോബർ രണ്ടാംവാരത്തോടെ പൂർത്തിയാവും. ഇതിനുശേഷം വിജ്ഞാപനം ഇറക്കുന്നതുമുതൽ വോട്ടെണ്ണൽ വരെ 45 ദിവസത്തെ സമയം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടത് സർക്കാരും അംഗീകരിച്ചു. ഇതോടെയാണ് നവംബർ അവസാനം തിരഞ്ഞെടുപ്പ് നടത്താൻ ധാരണയായത്.