ടെനിസി: മയക്കു മരുന്നു വാങ്ങാനെത്തിയ രണ്ടു പേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ എഡ്മണ്ട് സഗോർസ്‌ക്കിയുടെ (63) വധശിക്ഷ റിവർബന്റ് ജയിലിൽ നടപ്പാക്കി. 1983 ലായിരുന്നു സംഭംവം. 1984 ൽ കോടതി സഗോർസ്‌ക്കിക്ക് വധശിക്ഷ വിധിച്ചു.

പ്രതിയുടെ ആവശ്യം അംഗീകരിച്ചു വിഷമിശ്രിതത്തിനു പകരം ഇലക്ട്രിക് ചെയറാണ് വധശിക്ഷയ്ക്ക് ഉപയോഗിച്ചത്. 1750 വോൾട്ട് വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ട് നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. ഒക്ടോബർ 11 നു നടപ്പാക്കേണ്ട വധശിക്ഷ സഗോർസ്‌ക്കിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിനാൽ നവംബർ ഒന്നുവരെ നീണ്ടു പോകുകയായിരുന്നു.

സുപ്രീം കോടതിയിൽ അവസാന നിമിഷം സമർപ്പിച്ച അപ്പീൽ തള്ളപ്പെട്ട ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2007 ലായിരുന്നു ടെനിസിയിൽ അവസാനമായി ഇലക്ട്രിക് ചെയർ വധശിക്ഷയ്ക്ക് ഉപയോഗിച്ചത്. വധശിക്ഷയ്ക്കു മുമ്പായി ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതിന് അനുവദിച്ച 20 ഡോളർ സഗോർസ്‌ക്കി നിഷേധിച്ചു. സഹതടവുകാർ നൽകിയ ആഹാരമാണ് ഇയാൾ കഴിച്ചത്.

പ്രതിക്ക് ഇഷ്ടപ്പെട്ട വധശിക്ഷാരീതി തിരഞ്ഞെടുക്കുന്നതിനവകാശമുള്ള ആറു സംസ്ഥാനങ്ങളിൽ ഒന്നാണ് ടെനിസി. 2000ത്തിനു ശേഷം അമേരിക്കയിൽ 14 പേരുടെ വധശിക്ഷ ഇലക്ട്രിക് ചെയർ ഉപയോഗിച്ചു നടപ്പാക്കിയിട്ടുണ്ട്