പാലാ: അഞ്ചു ദിവസം തുടർച്ചയായി വൈദ്യുതി തടസ്സംമൂലം ദുരിതത്തിലായ വീട്ടമ്മ സഹികെട്ടപ്പോൾവൈദ്യുതിമന്ത്രിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ അഞ്ചു മിനിറ്റുകൊണ്ട് വൈദ്യുതി പുനഃസ്ഥാപിച്ചു. കൊല്ലപ്പള്ളി വൈദ്യുതി സെക്ഷനു കീഴിലാണ് സംഭവം. അഞ്ചു ദിവസമായി കൊടുമ്പിടി വെള്ളക്കല്ല് പ്രദേശത്തെ കുറെ വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. എല്ലാ ദിവസവും സെക്ഷൻ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞുവെങ്കിലും നടപടിയുണ്ടായില്ല.

പരീക്ഷ സമയമായതിനാൽ വിദ്യാർത്ഥികളും ബുദ്ധിമുട്ടി. തുടർന്നു വൈദ്യുതിവകുപ്പിന്റെ കീഴിലെ തിരുവനന്തപുരത്തെ ടോൾ ഫ്രീ നമ്പരിൽ വിളിച്ചു പരാതിപ്പെട്ടെങ്കിലും വൈദ്യുതി എത്തിയില്ല. വൈദ്യുതി ഇല്ലാത്തതുമൂലം സഹികെട്ട കളത്തിൽ രമ്യ എന്ന വീട്ടമ്മ കഴിഞ്ഞ രാത്രി വൈദ്യുതി മന്ത്രി എം.എം. മണിയെ ഫോണിൽ വിളിച്ചു പരാതി യായിരുന്നു. മന്ത്രിയെ വിളിച്ചു പരാതി പറഞ്ഞ് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ വൈദ്യുതി എത്തുകയും ചെയ്തു. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് തുടർച്ചയായ വൈദ്യുതി തടസ്സത്തിനു കാരണമെന്ന് വീട്ടമ്മ കുറ്റപ്പെടുത്തി. സ്‌കൂൾ വിദ്യാർത്ഥികളായ ഇവരുടെ മക്കൾ മന്ത്രിക്ക് നന്ദി സന്ദേശമെഴുതിയ കത്തുകൾ അയക്കുമെന്നും ഇവർ പറഞ്ഞു.