കുവൈറ്റിലെ വിദേശികൾക്ക് വൈദ്യുതി നിരക്ക് വർദ്ധനവ് സർക്കാർ നിശ്ചയിച്ച പ്രകാരം തന്നെയാകുമെന്ന് സൂചന. എന്നാൽ സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കാത്ത തരത്തിലായിരിക്കണം നിരക്ക് വർദ്ധനവ് എന്ന നിർദ്ദേശം പാർലിമെന്റ് ധനകാര്യ സമിതി രംഗത്തെത്തി.

സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കാത്ത രീതിയിൽ ഭേദഗതി വരുത്തിയ താരിഫ് സമിതി സർക്കാരിനു സമർപ്പിച്ചു കഴിഞ്ഞു ബുധനാഴ്ചക്കുള്ളിൽ അന്തിമ നിലപാട് അറിയിക്കണമെന്ന നിർദ്ദേശത്തോടെയാണ് പുതിയ നിരക്കുകൾ സമർപ്പിച്ചത്. അതെ സമയം വിദേശികളുടെ കാര്യത്തിൽ സർക്കാർ നിശ്ചയിച്ച പ്രകാരം തന്നെ നിരക്ക് വർദ്ധന ആകാമെന്നും ധനകാര്യ സമിതി അറിയിച്ചു.

നിലവിൽ സ്വദേശി വിദേശി വ്യത്യാസമില്ലാതെ കിലോവാട്ടിനു രണ്ട് ഫിൽസ് തോതിൽ സബ്‌സിഡിനിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. സ്വദേശി ഭവനങ്ങൾക്ക് 3000 കിലോ വാട്ട് വരെയുള്ള ഉപഭോഗത്തിനു 5 ഫിൽസു തോതിലും 3000 മുതൽ 6000 വരെ 8 ഫിൽസ് തോതിലും 6000 മുതൽ 9000 കിലോവാട്ട് വരെ 10 ഫിൽസ് തോതിലും 9000 കിലോ വാട്ടിന് മുകളിൽ ഉപയോഗിക്കുന്നവരിൽ നിന്ന് കിലോ വാട്ടിന് 15 ഫിൽസ് തോതിലും ഈടാക്കാനായിരുന്നു സർക്കാർ തീരുമാനം.

കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ധനകാര്യ, സാമ്പത്തിക കാര്യ സമിതി നിരക്ക് നിർദ്ദേശം തിരുത്തിയത്. സ്വദേശികൾക്ക് 6000 കിലോ വാട്ട് വരെ നിലവിലെ 2 ഫിൽസ് തോതിൽ തന്നെ വൈദ്യുതി ലഭ്യമാക്കണമെന്നും ഉപഭോഗം 6000ത്തിൽ കൂടിയാൽ കിലോ വാട്ടിന് 5 ഫിൽസ് നിരക്ക് ഈടാക്കാമെന്നുമാണ് സമിതിയുടെ ബദൽ നിർദ്ദേശം.

ധനകാര്യ സമിതി മുന്നോട്ടു വച്ച നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചാൽ ഈ മാസംതന്നെ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നേക്കും സ്വദേശിഭവനങ്ങളിൽ ഭൂരിഭാഗവും മാസത്തിൽ 6000 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കാത്തവരായതിനാൽ നിരക്ക് വർദ്ധന സ്വദേശികളെ കാര്യമായി ബാധികാനിടയില്ല 2000 കിലോ വാട്ട് വരെ 10 ഫിൽസ് തോതിലും 2000 കിലോ വാറ്റിനു മുകളിൽ 15 ഫിൽസ് തോതിലും ആണ് വിദേശി ഫ്ളാറ്റുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക് വർദ്ധന. ഇക്കാര്യത്തിൽ ധനകാര്യ സമിതിതിരുത്തലുകൾ ഒന്നും വരുത്തിയിട്ടില്ലാ ത്തതിനാൽ വൈദ്യുതി നിരക്ക് വർദ്ധന പ്രഹരമാകുക വിദേശി സമൂഹത്തിനു തന്നെയാകും.