ഡബ്ലിൻ: വൈദ്യുതി ഉപയോക്താക്കൾക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ലിൽ വൻ വർധന വരുന്നു. ബില്ലിൽ ലെവി ഏർപ്പെടുത്താൻ കമ്മീഷൻ ഫോർ എനർജി റെഗുലേഷൻ തീരുമാനിച്ചതാണ് വൈദ്യുതി ബിൽ വർധിക്കാൻ കാരണമാകുന്നത്. ഉപയോക്താക്കൾക്ക് നാൽപതു ശതമാനത്തോളം ലെവി ഏർപ്പെടുത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. വീട്ടാവശ്യത്തിനും ബിസിനസ് ആവശ്യത്തിനുമുള്ള വൈദ്യുതി ബില്ലിൽ വർധന ഉണ്ടാകും.

നിലവിൽ വർഷം 80 യൂറോ നിരക്കിൽ നിന്ന് ഡൊമസ്റ്റിക് കസ്റ്റമേഴ്‌സിന് 112 യൂറോ ആയി വർധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ശതമാനം നിരക്ക് വർധനയാണ് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കുള്ള വൈദ്യുതിക്ക് 12 ശതമാനം വർധനയാണ് വരുത്തുന്നത്. ജൂലൈയിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പറയുന്നത്. ഒക്ടോബർ മുതൽ ബില്ലിൽ ലെവി ചുമത്തുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

കഴിഞ്ഞ വർഷവും ഇലക്ട്രിസിറ്റി ബില്ലിൽ വൻ വർധന വരുത്താൻ എനർജി റെഗുലേറ്റർ തീരുമാനിച്ചിരുന്നുവെങ്കിലും പൊതുജനങ്ങളിൽ നിന്നു വൻ പ്രതിഷേധം ഉയർന്നതിനാൽ അതു നടപ്പാക്കാൻ സാധിച്ചില്ല. ഈ വർഷവും ജൂലൈയിൽ ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടും.