ബെർലിൻ: രാജ്യത്തെ ഒട്ടുമിക്ക ഇലക്ട്രിസിറ്റി ദാതാക്കളും നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതോടെ പുതുവർഷത്തിൽ ജർമനിയെ കാത്തിരിക്കുന്നത് വൈദ്യുതി ചാർജ് വർധനയാണ്. ജനുവരി ഒന്നു മുതൽ വൈദ്യുതി ചാർജ് വർധിപ്പിക്കുമെന്നാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാരമ്പര്യേതര ഊർജത്തിന് നൽകിവരുന്ന സബ്‌സിഡിയും അടിസ്ഥാന സൗകര്യ ചെലവുകളിൽ വരുന്ന വർധനയുമാണ് വൈദ്യുതി നിരക്ക് വർധിക്കാൻ കാരണമായി പറയുന്നത്.

250-ഓളം ജർമൻ ഇലക്ട്രിസിറ്റി പ്രൊവൈഡർമാരും നിരക്ക് വർധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വൈദ്യുതി നിരക്ക് വർധിക്കുന്നതോടെ ജർമൻ ജനതയ്ക്ക് അവരുടെ വീട്ടുചെലവിൽ വൻ മാറ്റമാണ് വരുന്നതെന്നാണ് കണക്കാക്കുന്നത്. അടുത്ത വർഷം ശരാശരി 50 യൂറോ അധികമായി ഓരോ കുടുംബവും അടയ്‌ക്കേണ്ടി വരുമെന്നാണ് വെരിവോക്‌സ് എന്ന പ്രൈസ് കാമ്പാരിസൺ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അടുത്ത വർഷം ആദ്യം മുതൽ തന്നെ രാജ്യത്തെ വൈദ്യുതി ദാതാക്കളെല്ലാവരും തന്നെ ശരാശരി മൂന്നര ശതമാനമാണ് വൈദ്യുതി ചാർജിൽ വർധന ഏർപ്പെടുത്തുക. അതേസമയം ബവേറിയയുടെ ചില ഭാഗങ്ങളിൽ നിരക്ക് വർധന പതിനഞ്ചു ശതമാനം വരെ പ്രതീക്ഷിക്കാമെന്നും പറയപ്പെടുന്നു. വൈദ്യുതി ചാർജ് വർധന ആറാഴ്ച മുമ്പു തന്നെ ഉപയോക്താക്കളെ അറിയിച്ചിരിക്കണമെന്നാണ് നിർദ്ദേശം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കമ്പനികളുടെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും.