തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് എന്ന നിലയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കെഎസ്‌ഇബി. നിരക്ക് കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കി. അന്തർ സംസ്ഥാന പ്രസരണനിരക്കിലെ വർധന, ബോർഡിന്റെ വരവുചെലവ് അന്തരം, സർ ചാർജ് എന്നിവ പരിഗണിച്ച് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

അന്തർ സംസ്ഥാന പ്രസരണനിരക്കിലെ വർധനയ്‌ക്കെതിരെ നിയമനടപടികൾക്ക് കേരളത്തിന് അവസരമുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീർപ്പായിട്ടില്ല. താരിഫ് നിശ്ചയിക്കുന്നത് വൈദ്യുതി റഗുലേറ്ററി കമീഷനാണ്. ബഹുവർഷ താരിഫാണ് പുറപ്പെടുവിക്കുക. 2019ൽ നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. ഇത് 2022 മാർച്ച് വരെയാണ്‌ ബാധകം.‌ ഇതിൽ എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ കെഎസ്ഇബി കമീഷന് അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ ഒരു അപേക്ഷയും കെഎസ്ഇബി നൽകിയിട്ടില്ല. വരവു-ചെലവ് വ്യത്യാസം കണക്കാക്കുന്നതും ഇവ തമ്മിലുള്ള അന്തരം എത്രയെന്ന് തിട്ടപ്പെടുത്തി അംഗീകരിക്കുന്നതും താരിഫ് പരിഷ്കരണനടപടികൾക്ക് അനുബന്ധമായാണ്. നിലവിലെ ബഹുവർഷ താരിഫ് 2022 മാർച്ച് വരെ ആയതിനാൽ ഇതിനുള്ള പ്രാഥമിക നടപടിപോലും കമ്മിഷൻ ആരംഭിച്ചിട്ടില്ല.

അധിക ബാധ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തേക്ക് സർ ചാർജ് ഈടാക്കുന്നത്. ‌സെപ്റ്റംബർ വരെയുള്ള അധിക ബാധ്യതയുടെ കണക്ക് കെഎസ്ഇബി കമീഷന് നൽകിയിട്ടുണ്ട്. എന്നാൽ, കോവിഡ് മഹാമാരി ദുരിതത്തിലാക്കിയ ജനങ്ങളിൽനിന്ന്‌ സർ ചാർജ് ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം. ജനങ്ങളുടെ പ്രയാസം മാറുന്ന ഘട്ടമെത്തുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. ചുരുക്കത്തിൽ താരിഫ് പരിഷ്കരണത്തിനുള്ള ഒരു നടപടിയും കെഎസ്ഇബിയോ വൈദ്യുതി റഗുലേറ്ററി കമീഷനോ ആരംഭിച്ചിട്ടില്ല. വസ്തുതകൾ ഇതായിരിക്കെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിക്ഷിപ്ത താൽപ്പര്യത്തോടെ ചില കേന്ദ്രങ്ങളുടെ കുപ്രചാരണം.