കുവൈറ്റ് സിറ്റി: മേയിൽ നടപ്പാക്കാനിരുന്ന വൈദ്യുതി നിരക്ക് വർധനയിൽ ഇളവു പ്രഖ്യാപിച്ചു കൊണ്ട് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ മിനിസ്ട്രി ഉത്തരവിറക്കി. വിദേശികൾക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ പ്രഖ്യാപനം. അപ്പാർട്ട്‌മെന്റുകളിൽ കിലോവാട്ടിന് 15 ഫിൽസ് പ്രഖ്യാപിച്ചിരുന്നതാണ് നിലവിൽ അഞ്ചു ഫിൽസ് ആയി കുറച്ചത്. ഇതാണ് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞ വർഷമാണ് പാർലമെന്റ് തീരുമാനിച്ചത്. സ്വദേശികളെ യാതൊരു വിധത്തിലും ബാധിക്കാത്ത നിരക്ക് വർധന പ്രവാസികൾക്ക് മേൽ ഇരുട്ടടിയായിരുന്നു.

വാണിജ്യ സ്ഥാപനങ്ങളിലെ വർധനയും 25 ഫിൽസിനു പകരം അഞ്ചു ഫിൽസ് മാത്രമായിരിക്കും. വ്യവസായ, കാർഷിക മേഖലയിൽ നിർദേശിക്കപ്പെട്ട 10 ഫിൽസിനു പകരം വർധന മൂന്നു ഫിൽസ് മാത്രമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഗാർഹികമേഖലയിൽ ഈ വർഷം മെയ്‌ 22നും സർക്കാർ സ്ഥാപനങ്ങളിൽ നവംബറിലും വ്യവസായ-കാർഷിക മേഖലയിൽ അടുത്തവർഷം ഫെബ്രുവരി 22നും ആണു നിരക്കുവർധന പ്രാബല്യത്തിലാകേണ്ടത്. വാണിജ്യമേഖലയിൽ 1250 ശതമാനമായിരുന്നു മുൻ സർക്കാരിന്റെ വർധന. അപാർട്‌മെന്റുകളിൽ ആയിരം കിലോവാട്ട് വരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് അഞ്ചു ഫിൽസും 1001-2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർ യൂണിറ്റിനു 10 ഫിൽസും അതിനു മീതെയുള്ള ഉപയോഗത്തിനു യൂണിറ്റിന് 15 ഫിൽസുമായിരുന്നു നേരത്തേ വർധിപ്പിച്ച നിരക്ക്.

വൈദ്യുതി നിരക്ക് വർധന മൂലം സമ്മർ കാലത്ത് 100 ദിനാർ വരെ വൈദ്യുതി ബിൽ നൽകേണ്ട അവസ്ഥയായിരുന്നു. നിലവിൽ എല്ലാ മേഖലയിലും വൈദ്യുതി യൂണിറ്റിനു രണ്ടു ഫിൽസാണ് നിരക്ക്. അതേസമയം വർധിപ്പിച്ച നിരക്കിൽ ഇളവു പ്രഖ്യാപിച്ചതോടെ നിലവിലുള്ള തുകയുടെ ഇരട്ടി നൽകേണ്ട അവസ്ഥയാകും. അതും ചുരുക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് എംപി വ്യക്തമാക്കിയിട്ടുണ്ട്.