- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി നിരക്ക് ഉടൻ വർദ്ധിപ്പിക്കില്ല; പ്രചാരണം അടിസ്ഥാന രഹിതം; താരിഫ് പെറ്റീഷനിൽ പൊതുജനാഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിരക്ക് നിശ്ചയിക്കൂ എന്നും കെഎസ് ഇബി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 31ന് മുമ്പ് എല്ലാ വിതരണ കമ്പനികളും തങ്ങളുടെ വരവ്-ചെലവ് കണക്കുകളും താരീഫ് പെറ്റീഷനും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്.
പെറ്റീഷന്റെ വെളിച്ചത്തിൽ പൊതുജനാഭിപ്രായം ആരാഞ്ഞശേഷം ആവശ്യമായ ഭേദഗതി വരുത്തിമാത്രമേ വൈദ്യുതി താരിഫ് നിർണയിക്കൂ. അതിനാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
കെഎസ്ഇബിയുടെ വിശദീകരണം:
1.കേരളത്തിലെ ശരാശരി വൈദ്യുതി ആവശ്യകത 3800 MW ഉം, ആഭ്യന്തര ഉൽപാദനം 1650 MW ഉം ആണ്. കേന്ദ്ര പദ്ധതികളിൽ നിന്നും ദീർഘകാല കരാറുകളിൽ നിന്നും ലഭ്യമാവുന്ന വൈദ്യുതി കൂടി കണക്കിലെടുത്താലും ഉദ്ദേശം100 മുതൽ 300 MW വരെയുള്ള വൈദ്യുതി കമ്മി വൈകുന്നേരങ്ങളിൽ അനുഭവപ്പെടാറുണ്ട്. ആവശ്യഘട്ടങ്ങളിൽ പവ്വർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി വാങ്ങി പവ്വർ കട്ടോ, ലോഡ് ഷെഡ്ഡിങ്ങോ ഒഴിവാക്കി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
2. ആഭ്യന്തരമായും രാജ്യത്താകമാനവും സൗരോർജ്ജ വൈദ്യുതിയുടെ ഉത്പാദനത്തിൽ വന്ന വർദ്ധനയോടെ പകൽസമയങ്ങളിൽ സുലഭമായി വൈദ്യുതി ലഭ്യമാകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം ശരാശരിയെ അപേക്ഷിച്ചു കൂടുതൽ ആയതിനാൽ ജലവൈദ്യുത പദ്ധതികൾ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കിയാലും വൈദ്യുതി കമ്മിയുണ്ട്.
3. ഉപഭോകോതാക്കളുടെ സഹകരണം ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്നു. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം ക്രമീകരിച്ച് മറ്റു സമയങ്ങളിലേക്ക് ക്രമീകരിക്കാവുന്നവ ക്രമീകരിക്കുകയാണെങ്കിൽ കൂട്ടായി ഈ പ്രതിസന്ധി നമുക്ക് മറികടക്കാം. പീക്ക് സമയത്തെ ഉപയോഗനിയന്ത്രണം ഉറപ്പുവരുത്തേണ്ടതുണ്ട്.
4. കേരളത്തിലെ ദുർബല ജനവിഭാഗങ്ങൾക്കും കർഷകർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതരത്തിൽ സാമൂഹിക ബാധ്യത കൂടി ഏറ്റെടുത്തുകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ 11 പൈസയുടെ നഷ്ടമാണ് ഇപ്പോൾ വൈദ്യുതി ബോർഡിന് ഉണ്ടാകുന്നത്.(ഇതനുസരിച്ച് 71,50,000/- രൂപയുടെ പ്രതിദിന നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്).
5. 2019-20 ലെ ഓഡിറ്റ് കണക്ക് പ്രകാരം വൈദ്യുതിബോർഡിന്റെ ആകെ നഷ്ടം 12,104 കോടി രൂപയാണ്. 2017-18 സാമ്പത്തികവർഷം വരെ സ്ഥിരപ്പെടുത്തിയ കണക്കുകൾ പ്രകാരം 6862 കോടി രൂപ റവന്യൂ കമ്മി കമ്മീഷൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതു പൂർണ്ണമായി താരിഫിൽ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിട്ടില്ല.
6. വൈദ്യുതിബോർഡിന്റെ മൊത്തം കുടിശ്ശിക 3200 കോടി രൂപയാണ്. ആയതിൽ 1200 കോടി രൂപ സർക്കാർ കുടിശ്ശികയാണ്. വാട്ടർ അഥോറിറ്റി മാത്രം 817 കോടി രൂപ നൽകുവാനുണ്ട്. പ്രതിമാസം 27 കോടി ഈ ഇനത്തിൽ കുടിശ്ശിക വർദ്ധനവ് ഉണ്ട്.
7. പെൻഷൻബാധ്യത
കമ്പനി രജിസ്റ്റർ ചെയ്ത 31.10.2013ലെ ആക്ച്ചൂറിയൽ മൂല്യനിർണയ പ്രകാരം 12419 കോടി രൂപയുടെ പെൻഷൻബാധ്യത എംപ്ലോയീസ് മാസ്റ്റർ പെൻഷൻ & ഗ്രാറ്റിവിറ്റി ട്രസ്റ്റിലേക്ക് സമാഹരണം നടത്തണം.
8. 2022-23 വൈദ്യുതി താരിഫ് നിർണയത്തെ സംബന്ധിച്ച്
വൈദ്യുതി നിയമം 2003 ലെ സെക്ഷൻ 181 പ്രകാരം 1.4.2022 മുതലുള്ള അഞ്ചുവർഷത്തേക്കുള്ള കൺട്രോൾ പിരീഡിൽ താരീഫ് നിർണയവുമായി ബന്ധപ്പെട്ട കരട് റഗുലേഷനെ സംബന്ധിച്ച് KSEBL സമർപ്പിച്ച സമർപ്പണത്തിന്റെ ഫലമായി പ്രധാന പ്രശ്നങ്ങളിൽ എല്ലാം തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും റഗുലേഷൻ അന്തിമമായി 16.11.2021 ന് പുറപ്പെടുവിക്കുകയും ചെയ്തു. അതിന്പ്രകാരം 31.12.2021 മുൻപ് കേരളത്തിലെ എല്ലാ വിതരണ കമ്പനികളും തങ്ങളുടെ വരവ്-ചെലവ് കണക്കുകളും താരീഫ് പെറ്റിഷനും സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേൽ പെറ്റിഷൻ സമർപ്പണത്തിന്റെ നടപടികൾ പുരോഗമിച്ചുവരുന്നു. തുടർന്ന് മേൽ പെറ്റിഷന്റെ വെളിച്ചത്തിൽ പൊതുജന അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ട് ആവശ്യമായ ഭേദഗതി വരുത്തി മാത്രമേ വൈദ്യുതി താരിഫ് നിർണ്ണയിക്കപ്പെടുകയുള്ളൂ.. ആയതിനാൽ ഇപ്പോൾ പ്രചരിക്കുന്ന ഉടൻ വൈദ്യുത ചാർജ് വർധനയുണ്ടാകും എന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
9. ഒക്ടോബർ നവംബർ മാസങ്ങളിലെ വൈദ്യുതി വില്പനയെ സംബന്ധിച്ച്
ഒക്ടോബർ-നവംബർ 2021 ലെ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനം മൂലം നമ്മുടെ ജലസംഭരണികളിൽ പൂർണ്ണ ശേഷി കൈവരിച്ച സാഹചര്യത്തിൽ നിർബന്ധമായും ഉത്പാദനം നിഷ്കർഷിക്കുന്ന പദ്ധതികൾ പൂർണതോതിൽ പ്രവർത്തിപ്പിച്ചത്തിന്റെ ഫലമായി ലഭ്യമായ മിച്ച വൈദ്യുതി ഓപ്പൺ മാർക്കറ്റിൽ ഒരു യൂണിറ്റിന് 50 പൈസ മുതൽ 18 രൂപ വരെ നിരക്കിൽ വിൽക്കുകയുണ്ടായിട്ടുണ്ട്. കോവിഡ് സാഹചര്യവും കാലാവസ്ഥ വ്യതിയാനം മൂലം ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതുകൊണ്ടുള്ള ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ് ഇതുമൂലം സംജാതമായത്. വാർഷിക അറ്റകുറ്റപ്പണികൾ വരെ ഈ സാഹചര്യം മൂലം നിട്ടിവയ്ക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. തുടർന്നു വരുന്ന ദിവസങ്ങളിൽ നീരൊഴുക്ക് കുറയുന്ന സ്ഥിതിക്ക് അവ പുനഃരാരംഭിക്കേണ്ടതുണ്ട്.
10. ഇതോടൊപ്പംതന്നെ നടന്നുകൊണ്ടിരിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളും പുരോഗമിക്കുന്നു. സൗരോർജ്ജ സ്രോതസ്സുകളുടെയും ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും ശേഷി വർദ്ധിപ്പിച്ചുകൊണ്ട് കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ ഉള്ള പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി.എൽ.
മറുനാടന് മലയാളി ബ്യൂറോ