കാൻബറ: ഇലക്ട്രിസിറ്റി നിരക്കിൽ വർധന ഏർപ്പെടുത്തിയതോടെ കാൻബറ നിവാസികൾക്ക് പ്രതിവർഷം 100 ഡോളറിന്റെ അധികചെലവ് വരുമെന്ന് റിപ്പോർട്ട്. എനർജി പ്രൊവൈഡറായ ActewAGL ആറു ശതമാനം നിരക്ക് വർധനയാണ് ഈടാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ആഴ്ചയിൽ രണ്ടു ഡോളറാണ് ഈയിനത്തിൽ അധികചെലവ് വരിക.

അതേസമയം നോൺ റെസിഡൻഷ്യൽ കസ്റ്റമേഴ്‌സിന് പ്രതിവർഷം 558 ഡോളർ ആണ് അധികമായി നൽകേണ്ടി വരിക. ഹോൾസെയിൽ എനർജി ചെലവുകൾ, റിന്യൂവബിൾ എനർജി സ്‌കീമുകളിൽ വന്നിരിക്കുന്ന വർധന തുടങ്ങിയവയാണ് ഇലക്ട്രിസിറ്റി ബിൽ വർധനയിലേക്ക് കാര്യങ്ങൾ നയിച്ചതെന്ന് വ്യക്തമാക്കുന്നു. ഇതിൽ പ്രധാനം ഹോൾസെയിൽ എനർജി ചെലവുകളാണെന്ന് ഇൻഡിപെൻഡന്റ് റെഗുലേറ്റർ സീനിയർ കമ്മീഷണർ ജോ ഡിമാസി ചൂണ്ടിക്കാട്ടി.

ഇലക്ട്രിസിറ്റി നിരക്കിൽ വർധനയുണ്ടെങ്കിലും ഗ്യാസ് വില കുറഞ്ഞതായാണ് റിപ്പോർ്ട്ടുകൾ വ്യക്തമാകുന്നത്. അടുത്ത മാസം മുതൽ ഗ്യാസ് വിലയിൽ പ്രതിവർഷം 105 ഡോളറിന്റെ കുറവാണ് ഉണ്ടാകുക. തന്മൂലം ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോക്താക്കളുടെ ബില്ലിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല. എന്നാൽ ഇലക്ട്രിസിറ്റി മാത്രം ഉപയോഗിക്കുന്നവർക്കാണ് അധികഭാരം ഉണ്ടാകുക.