സിംഗപ്പൂർ: നാച്ചുറൽ ഗ്യാസ് വിലയിൽ വർധന നേരിട്ടതോടെ അടുത്ത മൂന്നു മാസത്തേക്കുള്ള വൈദ്യുതി ബില്ലിൽ വർധന ഉണ്ടാകും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള വൈദ്യുതി ബില്ലിൽ ശരാശരി 9.2 ശതമാനം വർധനയാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.

ഗാർഹികാവശ്യങ്ങൾക്കുള്ള ഇലക്ട്രിസിറ്റി താരിഫിൽ ഓരോ കിലോവാട്ടിനും17.68 സെന്റു മുതൽ 19.27 സെന്റു വരെയാണ് ഈടാക്കുക. 2016 ആദ്യ പാദത്തിൽ ഇത് ഓരോ കിലോവാട്ടിനും 19.5 സെന്റ് ആയിരുന്നു. നാലു ബെഡ് റൂം ഫ്‌ലാറ്റിൽ താമസിക്കുന്ന ഒരു കുടുംബത്തിന് മാസം ശരാശരി 6.79 ഡോളറിന്റെ വർധനയാണ് നേരിടേണ്ടി വരുന്നത്.

വൈദ്യുതി ഉത്പാദനത്തിനുള്ള നാച്ചുറൽ ഗ്യാസിന്റെ വില രണ്ടാം പാദത്തെ അപേക്ഷിച്ച് 26 ശതമാനം വർധിച്ചതാണ് വൈദ്യുതി ബിൽ വർധിക്കാൻ പ്രധാന കാരണം.