- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരംഭത്തിൽ തന്നെ വേനൽ കടുക്കുന്നു; രാത്രി പത്ത് മണി കഴിഞ്ഞാൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കഴിഞ്ഞ ഒരു ദിവസത്തെ ഉപഭോഗം 81 ദശലക്ഷം യൂണിറ്റ്; തെരഞ്ഞെടുപ്പ് കാലത്തോടെ വീണ്ടും വർധിക്കുമെന്നും ആശങ്ക
തിരുവനന്തപുരം: തുടക്കത്തിൽ തന്നെ വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഉയരുന്നതായി റിപ്പോർട്ട്. പകലിനെ അപേക്ഷിച്ച് രാത്രികാലങ്ങളിലാണ് ചൂട് കൂടുന്നത് എന്നതുകൊണ്ട് തന്നെ രാത്രി പത്ത് മണിക്ക് ശേഷമാണ് വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ വർധനവ് ഉണ്ടാകുന്നത്.കഴിഞ്ഞ ഒറ്റദിവസത്തെ ഉപഭോഗം 81 ദശലക്ഷം യൂണിറ്റാണ്.ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതോടെ ഇത് പിന്നെയും കൂടുമെന്നാണ് കണക്ക് കൂട്ടലുകൾ.
2019 മെയ് 23ന് പാർലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സംസ്ഥാനത്ത് സർവകാല റെക്കോർഡിലെത്തിയത്. 88.34 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ വൈദ്യുതി ഉപഭോഗം. എന്നാൽ പതിവില്ലാതെ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ഉപഭോഗം കുത്തനെ കൂടിയത് കെ എസ് ഇ ബി അധികൃതരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
രാത്രി പത്ത് മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത്. രാത്രിയിൽ ചൂട് കൂടുന്നത് നിമിത്തം എ സികളുടെ ഉപയോഗവും കൂടുന്നതാണ് ഇതിന് കാരണം. വൈദ്യുതി ഉപയോഗം കൂടിയതോടെ ഉത്പാദനവും സംസ്ഥാനത്ത് കൂടി.
ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോത്പാദനം പരമാവധിയിലാണ്. ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നു. 14.28 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ചത്തെ ഉത്പാദനം.സംസ്ഥാനത്തിന് പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി കൊണ്ടുവന്നാണ് ഉപഭോഗം പിടിച്ച് നിർത്തുന്നത്. ശനിയാഴ്ച കേന്ദ്ര ഗ്രിഡിൽ നിന്ന് വാങ്ങിയത് 53.8 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
തിരഞ്ഞെടുപ്പ് കാലം എത്തിയതോടെ വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം ഇനിയും കൂടാനാണ് സാദ്ധ്യത. ഇടുക്കി അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുള്ളതും കേന്ദ്രഗ്രിഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിന് കരാറും ഉള്ളതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കെ എസ് ഇ ബി.