മനാമ: പ്രവാസികൾക്കും വലിയ കമ്പനികൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി, വെള്ള നിരക്കുകൾ വീണ്ടും വർധിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് ഒന്ന് മുതലാകും പുതിയ തീരുമാനം വരിക. സബ്‌സിഡികൾ പിൻവലിച്ച ശേഷം വൈദ്യുതി-വെള്ള നിരക്കുകൾ ഉയർത്തിയത് കഴിഞ്ഞ മാർച്ചിലാണ്. ഇത് 2019വരെ എല്ലാ വർഷവും കൂട്ടുമെന്ന് കഴിഞ്ഞ വർഷം തന്നെ അറിയിച്ചിരുന്നു.

എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പഅടുത്ത മാസത്തെ പുതുക്കിയ നിരക്ക് പ്രകാരം ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതി ചാർജ് 3,000 യൂനിറ്റ് വരെ ഓരോ യൂനിറ്റിനും 13 ഫിൽസ് ആയിരിക്കും. ഇത് നിലവിൽ ആറ് ഫിൽസ് ആണ്. വെള്ളത്തിന്റെ നിരക്ക് 60യൂനിറ്റ് വരെ ഇപ്പോഴുള്ള 80 ഫിൽസിൽ നിന്ന് 200 ഫിൽസായും ഉയരും. പുതിയ നിരക്ക് പ്രകാരം സർക്കാറിന് 435.4 ദശലക്ഷം ദിനാർ ലാഭിക്കാനാകുമെന്നാണ് കണക്ക്.

മൊത്തം ജനസംഖ്യയിൽ ഏതാണ്ട് 31ശതമാനം പേരെയാണ് പുതിയ നിരക്കുകൾ ബാധിക്കാതിരിക്കുക. വിവാഹമോചിതരായ ബഹ്‌റൈനികൾ, വിധവകൾ, 21വയസിന് മുകളിലുള്ള വിവാഹിതരാകാത്ത വനിതകൾ, വാടകക്ക് താമസിക്കുന്ന സ്വദേശികൾ, ബഹ്‌റൈനികളല്ലാത്തവരെ വിവാഹം കഴിച്ച ബഹ്‌റൈനി വനിതകൾ, 21വയസിന് താഴെയുള്ള ബഹ്‌റൈനി കുട്ടികളെ നോക്കുന്ന പ്രവാസികൾ, ബഹ്‌റൈനികളല്ലാത്ത അവകാശികൾ എന്നിവർക്കും പുതിയ നിരക്ക് ബാധകമാകില്ല. നിരക്കുവർധന ഏറ്റവുമധികം ബാധിക്കുന്നത് കുറഞ്ഞ വരുമാനത്തിലും കുടുംബവുമായി ഇവിടെ കഴിയുന്ന പ്രവാസികളെയായിരിക്കും.