വിയന്ന: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദത്തിനും ശേഷം ഓസ്ട്രിയയിൽ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനം നിലവിലായി.  വിയന്നയിലും സ്‌റ്റൈറിയയിലും നടപ്പാക്കിത്തുടങ്ങിയ സംവിധാനം കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. ഏറെ വിവാദങ്ങൾക്കു ശേഷമാണ് രാജ്യത്തെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്‌സ് സംവിധാനമായ എൽഗ നടപ്പാക്കിത്തുടങ്ങുന്നത്.

2017 അവസാനത്തോടെ രാജ്യത്ത് മൊത്തത്തിൽ എൽഗ നടപ്പാക്കുമെന്നും ആശുപത്രികൾ, ഫാർമസികൾ, രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ എന്നിവരെല്ലാം തന്നെ എൽഗ കാർഡ് അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുന്നതെന്ന് പറയപ്പെടുന്നു. എൽഗ കാർഡ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഏറെ വിമർശനങ്ങളാണ് ആരോഗ്യമന്ത്രിക്ക് ഏൽക്കേണ്ടി വന്നത്. കാർഡിൽ രേഖപ്പെടുന്ന രോഗിയുടെ സ്വകാര്യവിവരങ്ങൾ സംവിധാനത്തെ ദുരുപയോഗപ്പെടുത്താൻ കാരണമായേക്കുമന്നെും മറ്റുമാണ് വിമർശകർ ഉയർത്തിയത്.

അതേസമയം എൽഗ കാർഡ് ദുരുപയോഗം ചെയ്യുന്നവരുടെ മേൽ ക്രിമിനൽ കുറ്റവും പിഴയും ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എൽഗ കാർഡ് സംവിധാനം തെരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് സമയം നൽകിയിട്ടുണ്ട്. നിലവിൽ 226,000 പേർ എൽഗ കാർഡ് സ്വീകരിക്കാൻ തയാറായിട്ടുണ്ട്.