ദോഹ: രാജ്യത്തെ പ്രമുഖ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽകാർഡ് നിർബന്ധമാക്കുന്നു. വിദ്യാർത്ഥികളുടെ നീക്കങ്ങൾ നിരീക്ഷിക്കു ന്നതിനുള്ള റേഡിയോ ഫ്രിക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി.) സംവിധാനം ആണ് പുതിയതായി നടപ്പാക്കുന്നത്. എന്നാൽ ഇ സംവിധാനം കൊണ്ടുവരുന്നതിൽ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

നിരവധി രക്ഷിതാക്കൾ ഉന്നത വിദ്യാഭ്യാസമന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശങ്ക അറിയിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികളിലും പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽകാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ചലനം നിരീക്ഷിക്കാനായി ട്രാക്കിങ് സംവിധാനം നടപ്പാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക മാത്രമല്ല, പുതിയ നിരീക്ഷണസംവിധാനം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.

പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡിനായി ഒരുവർഷത്തേക്ക് 1200 റിയാലാണ് ഒരു വിദ്യാർത്ഥി നൽകേണ്ടത്. പൊതുവേ സ്‌കൂൾ വിദ്യാഭ്യാസച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ഫീസും രക്ഷിതാക്കൾക്ക് ചെലവുകൂട്ടും. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് കാർഡിൽ ഉപയോഗിക്കുന്നത്. സ്‌കൂൾ ബസ്, ലാബ്, സ്‌കൂൾ ഹാൾ, ക്ലാസ് മുറികൾ എന്നിവിടങ്ങളിലും ബ്ലൂടൂത്ത് ബീക്കണുകൾ സ്ഥാപിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാൻ കഴിയും. ഇലക്ട്രോ മാഗ്നറ്റിക് ഉപയോഗിച്ചാണ് വയർലസ്
വഴി വിവരങ്ങൾ കൈമാറുന്നത്.

കുട്ടികൾ അവർക്ക് പോകേണ്ട ബസിൽ തന്നെയാണോ കയറുന്നത് എന്ന പോലും നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. കുട്ടികൾ സ്‌കൂളിൽ വന്നിട്ടുണ്ടെന്നും ഇതിലൂടെ ഉറപ്പാക്കാം.