- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലമ്പൂർ കാട്ടിൽ വൈദ്യുതി വേലി സ്ഥാപിച്ചത് കടമെടുക്കുന്ന കിഫ്ബി പദ്ധതിയിൽ; വന്യമൃഗശല്യം തടയാൻ കേന്ദ്രം അനുവദിച്ചത് 74.84 കോടി; കേരളം ചെലവിട്ടത് 40.05 കോടിയും; ആനകളുടെ ചവിട്ടേറ്റ് പാവങ്ങൾ മരിച്ചു വീഴുമ്പോൾ സർക്കാർ കാട്ടുന്നത് ക്രിമിനൽ അനാസ്ഥ
കൊച്ചി: സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 2014 മുതൽ 2021 വരെ കേന്ദ്രം നൽകിയത് 74.84 കോടി രൂപ. എന്നാൽ കേരളം ചെലവിട്ടതാകട്ടെ 40.05 കോടി രൂപ മാത്രമെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
മലയോര-വനമേഖലകളിൽ വന്യമൃഗശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഫണ്ട് വിനിയോഗിക്കുന്നതിൽ വനം വകുപ്പിന്റെ അലംഭാവം പുറത്തുവരുന്നത്. ഈ ഫണ്ട് ഫലപ്രദമായി ചെലവഴിക്കാതിരിക്കുമ്പോഴാണ് കിഫ്ബിയിൽ നിന്നും ഫണ്ട് ചിലവഴിച്ചു സോളാർ വേലികൾ നിർമ്മിച്ചുവെന്ന് സർക്കാർ അവകാശപെടുന്നത്. വന്യമൃഗശല്യം തടയാൻ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തണമെന്നാണഅ ഉയരുന്ന ആവശ്യം.
ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്താനും പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ, ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്‌സ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ പ്രകൃതിയുടെ പുനഃസ്ഥാപനം, ജലസ്രോതസ്സുകൾ, കൃത്രിമ കുളങ്ങൾ സൃഷ്ടിക്കുക, സംരക്ഷിത പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണം/കാലിത്തീറ്റ ഉറവിടങ്ങൾ വർദ്ധിപ്പിക്കുക എന്നിവയ്ക്കാണ് ഫണ്ട് ചിലവഴിക്കേണ്ടത്.
കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ മുള്ളുവേലി, സൗരോർജ്ജ വൈദ്യുത വേലി, റെയിൽവേലി, കിടങ്ങുകൾ, കള്ളിച്ചെടി ഉപയോഗിച്ചുള്ള ബയോ ഫെൻസിങ്, അതിർത്തി മതിൽ മുതലായവ നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും സംസ്ഥാനത്തിനുള്ള ധനസഹായവും ഇതിൽ ഉൾപ്പെടുന്നു. ഇത് കൃത്യമായി വിനിയോഗിക്കാത്തത് ഏറെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആനശല്യം കാരണം മലയോര മേഖലകളിൽ തീരാ ദുരന്തമാണ്.
മലയോര-വനമേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ഈ അനാസ്ഥ. 2014 മുതൽ 2021 വരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് നൽകിയതുകയാണ് പാതിപോലും ചെലവഴിക്കാതിരിക്കുന്നത്. കൂട്ടമായെത്തുന്ന കാട്ടാനകൾ, കുരങ്ങുകൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ഇവയെ തടയാനും ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്താനും ഈ തുക ഉപയോഗിക്കാനാകും. ജനങ്ങളിൽ വന്യമൃഗ ആക്രമണങ്ങളെപ്പറ്റി അവബോധം നടത്തുകയുംവേണം. ഓരോവർഷവും ജനം ദുരിതമനുഭവിക്കുമ്പോൾ പരിഹാരത്തിനായുള്ള ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
നിലമ്പൂർ കാട്ടിൽ നിന്നും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനായി ക്രാഷ് ഗാർഡ് സ്റ്റീൽ റോപ്പ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ പ്രവൃത്തി നടത്തിയത്. ഇവിടെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ സൗരോർജജ കമ്പിവേലി, ആനപ്രതിരോധ ട്രഞ്ച്, ആനപ്രതിരോധ മതിൽ എന്നിവ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങുന്ന ആനകളെ തിരികെ കാട്ടിലേക്ക് ഓടിക്കുന്നതിനായി തദ്ദേശ വാസികളെ വാച്ചർമാരായി നിയോഗിച്ചിട്ടുണ്ട്.
ആനകളുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ആനത്താരകൾ ഏറ്റെടുക്കുന്നതിനും ആനകൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും സർക്കാർ പലപ്പോഴും വീമ്പു പറഞ്ഞിരുന്നു. ഇതൊന്നും ഫലം കാണാത്തതിന് കാരണം കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിലെ വീഴ്ചയാണ്.
മറുനാടന് മലയാളി ബ്യൂറോ