കോതമംഗലം: കാട്ടാന ആക്രമണം ചെറുക്കാൻ പിണവൂർകുടി മേഖലയിൽ 13 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ചും 4 കിലോമീറ്റർ ദൂരത്തിൽ ഹാംങിങ് ഫെൻസിംഗും സ്ഥാപിക്കും. മൂന്നാർ ഫോറസ്റ്റ് ഡിവിഷൻ എഞ്ചിനിയർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. നബാഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പിണവൂർകുടി, വെളിയത്തുപറമ്പ് ,ഉരുളൻതണ്ണി, ആനന്ദൻകുടി തുടങ്ങിയ മേഖലകളെ ബന്ധപ്പെടുത്തിയാവും ഹാങിങ് ഫെൻസിങ് സ്ഥാപിക്കുക.

കാട്ടാന ആക്രമണത്തെത്തുടർന്ന് പിണവൂർകുടി കോളനിവാസി സന്തോഷ് മരണപ്പെട്ടിരുന്നു.ഞായറാഴ് പുലർച്ചെ വീടിനടുത്ത് തോടിന്റെ കരയിലാണ് ജഡം കാണപ്പെട്ടത്.മൃതദ്ദേഹം നീക്കം ചെയ്യുന്നതിനിടെ പൊലീസും നാട്ടുകാരുമായി ഉന്തും തള്ളും ഉണ്ടായിരുന്നു.വനംവകുപ്പിന്റെ അനാസ്ഥയാണ് സന്തോഷ് കൊല്ലപ്പെടാൻ കാരണമെന്നും ഇതിന് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ഥലത്തെത്തിയ ഡീൻ കുര്യക്കോസ് എം പി വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനുമായി മൊബൈലിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സാദ്ധ്യമായ എല്ലാ നടപടികളും ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു.

കാട്ടാനകളുടെ കടന്നുകയറ്റം തടയാൻ ഉടൻ അടയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മൂന്നാർ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യേഗസ്ഥരും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു,ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫെൻസിങ് സ്ഥാപിക്കുന്നതിനും ട്രഞ്ച് താഴ്‌ത്തുന്നതിനും വനംവകുപ്പ് നീക്കം ആരംഭിച്ചിട്ടുള്ളത്.

മരണമടഞ്ഞ സന്തോഷിന്റെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന ധനസഹായം ഉടൻ നൽകണമെന്നും മകന് ജോലി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിപാഹത്തുക ഉടൻ കൈമാണമെന്ന് മന്ത്രി ഡി എഫ് ഒയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്നലെ മകൻ സന്ദീപിന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീർ സുനിലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വീട്ടിലെത്തി നൽകി. വാർഡ് മെമ്പർ ബിനീഷും റെയിഞ്ചോഫീസറും ചേർന്നാണ് തുക കൈമാറിയത്. സന്തോഷിന്റെ മകന് താൽകാലിക ഫോറസ്റ്റ് വാച്ചറായി ജോലി നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.ഉരുളൻതണ്ണി ക്യാബിങ് സ്റ്റേഷനിലായിരിക്കും നിയമനം.