കൊൽക്കത്ത: കാറിന് പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിലാണ് സംഭവം. സാദിക് റഹ്മാൻ എന്ന സെക്യൂരിറ്റി ഗാർഡാണ് ദേശീയ പാത 31ൽ ഉണ്ടായ സംഭവത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

ആന റോഡിലിറങ്ങിയതോടെ ഹൈവേയിൽ ഗതാഗത കുരുക്കുണ്ടായിരുന്നു. ഇതോടെയാണ് സാദിക് റഹ്മാൻ (40) പുറത്തിങ്ങി ആനയുടെ ചിത്രമെടുക്കാൻ ശ്രമിച്ചത്. കൂടുതൽ വ്യക്തമുള്ള ചിത്രം കിട്ടാൻ ആനയുടെ അടുത്തേക്ക് നീങ്ങിയതോടെ ആന ദേഷ്യത്തോടെ ഇയാൾക്ക് അരികിലേക്ക് ഓടിയെത്തുകയും ചവിട്ടിയരക്കുകയുമായിരുന്നു.

ഗതാഗത കുരുക്കുണ്ടായതോടെ നിരവധി പേർ നോക്കി നിൽക്കെയാണ് സംഭവം. ആനയുടെ പരാക്രമം പലരും വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു.

ഗോരുമാര നാഷണൽ പാർക്കിന് സമീപം ലതാഗുരി വില്ലേജിലാണ് സംഭവം ഉണ്ടായത്. ജൽപൈഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് റഹ്മാൻ. ചുറ്റും കൂടിനിന്നവർ ശബ്ദമുണ്ടാക്കിയും മറ്റും ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

റഹ്മാനെ തട്ടിയിട്ട ശേഷം ആന ചവിട്ടിയരയ്ക്കുന്ന ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. മരണം ഉറപ്പുവരുത്തിക്കൊണ്ട കാട്ടാന ദേശീയപാതയിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്തു. പതിനഞ്ച് മിനിറ്റോളം അവിടെതന്നെ ആന നിന്നതോടെ ആർക്കും ഇയാളെ രക്ഷിക്കാൻ അടുത്തെത്താനും കഴിഞ്ഞില്ല. പിന്നീട് ആന കാട്ടിലേക്ക് കയറിയെങ്കിലും അപ്പോഴേക്കും റഹ്മാൻ മരിച്ചിരുന്നു.

സ്ഥിരമായി ആനകൾ ഇറങ്ങുന്ന മേഖലയാണിതെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ ആനയിറങ്ങുമ്പോൾ വാഹനം നിർത്തി ആരും പുറത്തിറങ്ങാറില്ല. ഇത്തരത്തിൽ പുറത്തിറങ്ങിയതാണ് റഹ്മാനു നേരെ ആക്രമണത്തിന് കാരണമായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കഴിഞ്ഞവർഷം മാത്രം കാട്ടാനയുടെ ആക്രമണത്തിൽ ബംഗാളിൽ 84 പേർ മരിച്ചുവെന്നാണ് വനംവകുപ്പിന്റെ കണക്ക്.