മൂന്നാർ: ആനകളുടെ തേറ്റയും തലയോട്ടിയോടു കൂടിയ മാൻകൊമ്പും കണ്ടെടുത്ത സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ഫോറസ്റ്റ് വാച്ചറെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ ആർആർടി അംഗമായും താൽകാലിക ഡ്രൈവറുമായി പ്രവർത്തിച്ചിരുന്ന ദേവികുളം സ്വദേശി ബാബു(43)വിനെ കണ്ടെത്തുന്നതിനാണ് വനംവകുപ്പ് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളത്.

5 വർഷത്തോളമായി ബാബു വനംവകുപ്പിന് കീഴിൽ വിവിധ മേഖലകളിലായി തൊഴിലെടുത്തു വന്നിരുന്നു. പ്രായം കുറഞ്ഞ പിടിയാനകളുടെ തേറ്റയാണ് പിടിച്ചെടുത്തിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ 3 പേർ വനംവകുപ്പിന്റെ പിടിയിലായിരുന്നു. ഇതിന് പിന്നാവെയാണ് ബാബു നാട്ടിൽ നിന്നും മുങ്ങിയത്. കെഡിഎച്ച് ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ്(41), പ്രേംകുമാർ(43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിദുരൈ(36) എന്നിവരെയാണ്് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിട്ടുള്ളത്.

രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പിന്റെ മൂന്നാർ ഫ്ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില മൂന്നാർ- ദേവികുളം റോഡിൽ മൂന്നാർ സർക്കാർ കോളേജിന് സമീപത്തുനിന്നും ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത് നാല് ആനത്തേറ്റകൾക്ക് ആറ് കിലോയോളം ഭാരം വരും. പ്രതികൾ സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്നാർ ഫ്ളൈയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) ജയ്സൺ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ആർ. ചരൺകുമാർ, സെക്ഷൻ ഫോറസ്റ്റർമാരായ ബി. ശിവപ്രസാദ്(ഗ്രേഡ്), സലിന്മാത്യു(ഗ്രേഡ്), ഡ്രൈവർ വി.എ. സോജൻ എന്നിവർ ചേർന്ന് അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്.

കേസ് തുടരന്വേഷണത്തിനായി ദേവികുളം റേഞ്ചിന് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനയുടെ തേറ്റകൾ ബാബുവിന്റെ അടുത്തുനിന്നാണ് തങ്ങൾക്ക് കിട്ടിയതെന്ന് പിടിയിലായവർ അധികൃതരെ അറിയിച്ചിട്ടുള്ളത്. ബാബു ഇത് എങ്ങിനെ സംഘടിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്. കാട്ടിൽ കണ്ടെത്തിയ ജഡങ്ങളിൽ നിന്നായിരിക്കാം ബാബു തേറ്റ സംഘടിപ്പിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

ആനകളെ കൊലപ്പെടുത്തി തേറ്റ ശേഖരിച്ചതാവാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വന്യമൃഗങ്ങളുടെ കൊമ്പുകളും മറ്റുമായി പിടിയിലാകുന്ന സംഘങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്.