അബുദാബി: മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് രണ്ടു മാസമായി അബോധാവസ്ഥയിൽ കഴിയുന്ന മലയാളിയായ ഏലിയാസ് ജോർജിനെ ഇന്ന് എയർ ആംബുലൻസിൽ നാട്ടിലേക്ക് അയയ്ക്കും. അബുദാബിയിലെ സ്വദേശി ബിസിനസ് ഗ്രൂപ്പാണ് ഏലിയാസ് ജോർജിനെ നാട്ടിലേക്ക് അയയ്ക്കാനുള്ള എല്ലാ ചെലവുകളും വഹിക്കുന്നത്.

അബൂദബി അൽ ബതീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിൽനിന്ന് വെള്ളിയാഴ്ച രാവിലെ 11നാണ് എയർ ആംബുലൻസ് പുറപ്പെടുക. വൈകുന്നേരം 4.30ഓടെ കൊച്ചി വിമാനത്താവളത്തിലത്തെും. ഉടൻ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് ഏലിയാസിനെ കൊണ്ടുപോകും. ഇതിനായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ആംബുലൻസ് വിമാനത്താവളത്തിലത്തെും.

ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന ഏലിയാസിന് ജൂലൈ 16നാണ് മസ്തിഷ്‌ക്കാഘാതം പിടികൂടുന്നത്. തുടർന്ന് അബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിൽ ചികിത്സയിൽ കഴിയുകയായിരുന്നു നാല്പത്തിരണ്ടുകാരനായ ഏലിയാസ്. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയാണ്. രണ്ടര വർഷമായി അബുദാബിയിലെ നാഷനൽ ടാക്‌സി കമ്പനിയിൽ ഡ്രൈവറായ ഏലിയാസ് ജൂൺ ആറിനാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നത്തെിയത്.

ഫൈ ഏവിയേഷൻ ഗ്രൂപ്പ് എന്ന ജർമൻ കമ്പനിയുടെ എയർ ആംബുലൻസിലാണ് ഏലിയാസിനെ കൊണ്ടുപോകുന്നത്. 1,30,000 ദിർഹമാണ് എയർ ആംബുലൻസിനുള്ള ചെലവ്. ഇൻഷുറൻസ് പരിധിയിൽ വരാത്ത ആശുപത്രി ബിൽ ഏലിയാസിനെ ചികിത്സിച്ച ക്‌ളീവ്‌ലാൻഡ് ആശുപത്രി അധികൃതർ ഇളവുചെയ്തിട്ടുണ്ട്.