തിരുവനന്തപുരം: പെൺകുട്ടികളുടെ വസ്ത്രധാരണം വലിയ ചർച്ചാവിഷയമാണ്. ചെറിയ വസ്ത്രങ്ങളാണു ധരിച്ചിരിക്കുന്നതെങ്കിൽ ആളുകൾ മൂക്കത്തു വിരൽവച്ച് കുശുകുശുക്കാൻ തുടങ്ങും. സെലിബ്രിറ്റികളാണെങ്കിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകും. അടുത്തിടെ പ്രിയങ്ക ചോപ്രയ്ക്കും ദീപിക പദുക്കോണിനും അമലപോളിനും ഉണ്ടായ അനുഭവങ്ങൾ മറക്കാവുന്നതല്ല.

ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ പ്രിയങ്ക ചോപ്ര മുട്ടിനു താഴെ ഇറക്കമില്ലാത്ത കുട്ടിയുടുപ്പിട്ടെന്നായിരുന്നു ആക്ഷേപം. അമ്മയ്‌ക്കൊപ്പം മുട്ടിനുതാഴെ ഇറക്കമില്ലാത്ത ഉടപ്പുമിട്ട് അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് പ്രിയങ്ക ഇതിനു മറുപടി നല്കിയത്. മാക്‌സിം മാഗസിനുവേണ്ടിയുള്ള ദീപിക പദുക്കോണിന്റെ വസ്ത്രധാരണവും ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അമല പോളിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ആക്ഷേപം.

വസ്ത്രം ദേഹത്ത് നിന്ന് അൽപ്പമൊന്ന് മാറിയോ എന്ന് ഏപ്പോഴും ശ്രദ്ധിച്ച് നടക്കേണ്ട അവസ്ഥയാണ് മിക്കവാറുമെല്ലാ പെൺകുട്ടിൾക്കും. വസ്ത്രം അൽപ്പമൊന്ന് മാറിയാൽ തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകൾ അവർക്കുചുറ്റും കറങ്ങി നടക്കുന്നുണ്ട്.എന്നാൽ പെൺകുട്ടികൾ വസ്ത്രത്തിന്റെ കാര്യത്തിൽ പേടിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

 

വസ്ത്രം അൽപം സ്ഥാനം മാറിയാൽ ഒന്നും സംഭവിക്കുകയില്ലെന്ന തിരിച്ചറിവാണ് പെൺകുട്ടികൾക്ക് ആദ്യം വേണ്ടത്. അത്തരത്തിൽ പെൺകുട്ടികളെ ബോധവതികളാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. എല്ലീ ഇന്ത്യ എന്ന ഫേസ്‌ബുക് പേജിൽ ഫെബ്രുവരി ഒന്നിനു പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 35 ലക്ഷം പേർ കണ്ടുകഴിഞ്ഞു. ലിംഗസമത്വത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് തങ്ങളെന്ന് എല്ലീ ഇന്ത്യ വ്യക്തമാക്കുന്നു.