അബുദാബി: ഭാരക്കൂടുതൽ കാരണം ജീവൻ അപകടത്തിലായ ഈജിപ്ഷ്യൻ വനിത ഇമാൻ അഹമ്മദ് തളർന്നുകിടന്നിരുന്ന തന്റെ വലതുകൈ ഉയർത്തിയതായി ഇമാനെ ചികിത്സിക്കുന്ന അബുദാബി ബുർജീൽ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഇമാന് തന്റെ വലതുകൈ ചലിപ്പിക്കാൻ സാധിക്കുന്നത്. എന്നാൽ ഇമാന്റെ അവസ്ഥ ഗുരുതരമാണെന്നും ഹൃദയ വാൽവിന് ദ്വാരം വീണിട്ടുള്ളതായും ഡോക്ടർമാർ പറയുന്നു.

തകരാറിലായ ഹൃദയവാൽവ് മാറ്റിവെക്കാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തേ മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ എത്തിച്ച ഇമാനെ ചികിത്സ ഫലപ്രദമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നുമാസമാണ് ഇമാൻ മുംബൈയിൽ ഉണ്ടായിരുന്നത്.

ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഇമാൻ ഫെബ്രുവരി 11-നാണ് ഈജിപ്തിൽനിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയത്. ശസ്ത്രക്രിയയും ചികിത്സയും ഫലം കണ്ടതിനാൽ ഇമാന്റെ ഭാരത്തിൽ 328 കിലോഗ്രാമിന്റെ കുറവു വന്നതായി അവരെ ചികിത്സിച്ച സൈഫി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ ഉള്ള ശേഷി അവർക്കു കൈവന്നിരുന്നില്ല.

മുംബൈയിൽ സൗജന്യചികിത്സ നൽകിയ സൈഫി ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടർന്നാണ് ഇമാന്റെ ബന്ധുക്കൾ വേറെ ചികിത്സ തേടിയത്. ഇമാന് തുടർചികിത്സ നൽകുന്ന, അബുദാബിയിലെ വി.പി.എസ്. ഹെൽത്ത് കെയർ മലയാളിയായ ഡോ. ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ്.

മുംബൈയിലെ സൈഫി ആശുപത്രിയിൽ ബാരിയാട്രിക് സർജൻ ഡോ. മുഫാസൽ ലക്ഡവാലയുടെ നേതൃത്വത്തിലായിരുന്നു ഇമാന്റെ ചികിത്സ. ശരീരഭാരം 498 കിലോഗ്രാമിൽനിന്ന് 170 കിലോ ആയി കുറഞ്ഞിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആശുപത്രി അധികൃതർ കള്ളം പറയുകയാണെന്നാണ് ഇമാനൊപ്പമുള്ള സഹോദരി ഷൈമാ സെലിം ആരോപിച്ചിരുന്നു. ഇതാണ് തർക്കത്തിന് വഴിവെച്ചത്.