അബുദാബി: കൈയെഴുത്ത് പാസ്‌പോർട്ട് ഇപ്പോഴും കൈവശം വച്ചിട്ടുള്ള ഇന്ത്യക്കാർ അതു മാറ്റി വാങ്ങണമെന്ന് ഇന്ത്യൻ എംബസി. പഴയ കൈയെഴുത്ത് പാസ്‌പോർട്ടുകൾക്കു പകരം മെഷീൻ റീഡബിൾ പാസ്‌പോർട്ട് എത്രയും പെട്ടെന്ന് സ്വന്തമാക്കണമെന്നാണ് ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

2015 നവംബറിന് മുമ്പ് ഇവ മാറ്റി വാങ്ങണമെന്ന് നേരത്തെ നിർദേശിച്ചിരുന്നെങ്കിലും പലരും ഇനിയും മാറ്റിയിട്ടില്ല. 200000 പാസ്‌പോർട്ടുകൾ ആഗോളതലത്തിൽ ഇനിയും മാറാനുണ്ട്. 1990കളിൽ നൽകിയ ഇരുപതുകൊല്ലം കാലാവധിയുള്ള പാസ്‌പോർട്ടുകളാണിവ. 2001 മുതൽ രാജ്യത്ത് മെഷീൻ റീഡബിൾ പാസ്‌പോർട്ടുകളാണ് നൽകുന്നത്. യുഎഇയിൽ ഇത് 2006 മുതൽ നിലവിൽ വന്നു. ഇത്തരം പാസ്‌പോർട്ടുകൾ ഇല്ലാത്ത എത്ര പേർ രാജ്യത്തുണ്ടെന്ന കാര്യം വ്യക്തമല്ല. എത്രയും പെട്ടെന്ന് ഇവ മാറ്റി വാങ്ങി ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പുതിയ തരം പാസ്‌പോർട്ടുകൾ സുരക്ഷിത യാത്ര പ്രദാനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് https://www.indembassyuae.org/ http://www.blsindiavisauae.com/ എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.