ദോഹ. ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ. സി. സി, ഐ. സി. ബി. എഫ്, ഐ.എസ്. സി. മാനേജിങ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത മെമ്പർമാർക്ക് ഖത്തറിലെ പ്രമുഖ വനിതാ സംഘടനയായ നടുമുറ്റം സ്വീകരണം നൽകി.

ഇന്ത്യൻ കൾച്ചറൽ സെന്റർ മാനേജിങ് കമ്മിറ്റി അംഗം കമല ദൻസിങ് താക്കൂർ (ഹെഡ് -ആക്ടിവിറ്റി കോർഡിനേറ്റർ & എഡ്യൂക്കേഷൻ ), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം മാനേജിങ് കമ്മിറ്റി അംഗം കുൽദീപ് ഖോർ ബഹൽ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗം റുക്കൈയ പച്ചയ്സ എന്നിവരെയാണ് നടുമുറ്റം ആദരിച്ചത്.

ഖത്തറിലെ ഇന്ത്യക്കാരായ സ്ത്രീകളുടെ സാമൂഹ്യ -സാംസ്‌കാരിക - കായിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നടുമുറ്റം പോലെയുള്ള വനിതാ കൂട്ടായ്മകളുടെ പിന്തുണയും സഹകരണവും പ്രധാനമാണെന്ന് സ്വീകരണത്തിൽ സംസാരിക്കവേ നേതാക്കൾ അഭിപ്രായപ്പെട്ടു.പ്രവാസലോകത്ത് പലതരം പ്രതിസന്ധിയിൽ അകപ്പെടുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുവാനും എംബസിയുമായി സഹകരിക്കുവാനും വനിതാ കൂട്ടായ്മകൾക്ക് സാധിക്കേണ്ടതെന്നും അവർ ചൂണ്ടികാട്ടി.

ഇന്ത്യൻ സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ കൾച്ചറൽ ഫോറം നടുമുറ്റത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് നടുമുറ്റം ചീഫ് കോർഡിനേറ്ററും കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ്ുമായ ആബിദ സുബൈർ വാഗ്ദാനം നൽകി.

വനിതാ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് ആബിദ സുബൈർ, റുബീന മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി എന്നിവർ ഉപഹാരം നല്കി.കോവിഡ് കാലത്ത് സ്ത്രീകളുടെ വ്യത്യസ്ഥ സേവന പ്രവർത്തനങ്ങൾക്ക് മാതൃക കാണിച്ച നടുമുറ്റം പ്രവർത്തകരായ സകീന കെ.സെഡ്, ഫാത്തിമ തസ്‌നീം, നദിയ മുഹമ്മദ് സഹിർ എന്നിവരെയും ആദരിച്ചു.സന നസീം, വാഹിദ നസീർ, ഹുമൈറ,മല്ലിക, മുഫീദ അഹദ്,സഹല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

ചീഫ് കോർഡിനേറ്റർ ആബിദ സുബൈർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ നിത്യ സുബീഷ് സ്വാഗതവും മുബീന ഫാസിൽ നന്ദിയും പറഞ്ഞു.