- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018ൽ മന്ത്രി മേഴ്‌സികുട്ടിയമ്മ യുഎസിൽ വന്നപ്പോഴും തൊട്ടടുത്ത വർഷം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു 2 തവണയും കണ്ടു; ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയേയും കണ്ടു; 5000 കോടിയുടെ പദ്ധതി ഇനിയില്ല; 100 കോടിയുടെ മത്സ്യസംസ്കരണ പാർക്ക് മാത്രം നിർമ്മിക്കും; എല്ലാം സുതാര്യം; ആഴക്കടൽ വിവാദത്തിൽ ഇഎംസിസിക്ക് പറയാനുള്ളത്
കൊച്ചി: സംസ്ഥാനത്തിന്റെ മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനു വഴിയൊരുക്കുമായിരുന്ന വമ്പൻ പദ്ധതിയാണു വിവാദങ്ങളെത്തുടർന്നു ഭാഗികമായി ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം സ്ഥാപക പ്രസിഡന്റും എറണാകുളം അങ്കമാലി സ്വദേശിയുമായ ഷിജു വർഗീസ് മേത്രട്ടയിൽ. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷിജു നിലപാട് വിശദീകരിച്ചത്.
2018ൽ മന്ത്രി മേഴ്‌സികുട്ടിയമ്മ യുഎസിൽ വന്നപ്പോഴും തൊട്ടടുത്ത വർഷം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു 2 തവണയും കണ്ടു സംസാരിച്ചിരുന്നു. രണ്ടാം തവണ കാണുമ്പോൾ കെ.ആർ.ജ്യോതിലാൽ ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥരുടെ മുൻപിൽ പദ്ധതി വിശദീകരിച്ചു. ആഴക്കടൽ മത്സ്യബന്ധനം, സംസ്‌കരണം, കയറ്റുമതി, വിപണനം തുടങ്ങിയവ ഉൾപ്പെടുന്നതാണു പദ്ധതി എന്നും ബൂട്ട്(ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ) രീതിയിലാകും പദ്ധതിയെന്നും അന്നു തന്നെ വിശദീകരിച്ചിരുന്നു. 2019ൽ തന്നെ യുഎസിൽ നിന്നു കമ്പനി സിഇഒയോടൊപ്പം എത്തി മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ചു ദുരൂഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതായി കരുതുന്നില്ല. മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ച ധാരണാപത്രം ചോർന്നതിൽ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണു ഞാൻ മനസ്സിലാക്കുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷവുമായി ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിനെതിരെ അകാരണമായ ആരോപണങ്ങൾ ഉയർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുമായി എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കാനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിലെല്ലാം സർക്കാർ പോസിറ്റീവായാണു പ്രതികരിച്ചിരുന്നത്-ഷിജു വർഗീസ് മേത്രട്ടയിൽ പറഞ്ഞു.
5000 കോടി മുതൽ മുടക്കിൽ 25,000 പേർക്കു തൊഴിൽ ലഭ്യമാകുമായിരുന്ന ബൃഹദ് പദ്ധതിയിൽ നിന്നു പിന്മാറുന്നതായും 100 കോടിക്കുള്ളിൽ ഒതുങ്ങുന്ന മത്സ്യ സംസ്‌കരണ പദ്ധതി മാത്രം നടപ്പാക്കാനാണു നിലവിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പദ്ധതിയിട്ടിരുന്ന 50 സമുദ്രോൽപന്ന സംസ്‌കരണ ശാലകളുടെ സ്ഥാനത്ത് ഒരെണ്ണം മാത്രമേ നിർമ്മിക്കുന്നുള്ളു. പദ്ധതിയുടെ നന്മ ആരും കാണാതെ പോയി. ഇത്രയേറെ വിവാദങ്ങൾ ഉണ്ടായ സ്ഥിതിക്ക് ഇനി മുന്നോട്ടു പോകുന്നതിൽ അർഥമുണ്ടെന്നു തോന്നുന്നില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇപ്പോഴെങ്കിലും നയം വ്യക്തമാക്കിയതിനാൽ പിന്മാറുന്നുവെന്നും കൂട്ടിച്ചേർത്തു.
2018ലെ പ്രളയത്തിനു ശേഷം കടലിലുണ്ടായ മാറ്റങ്ങളെപ്പറ്റിയുൾപ്പെടെ ഒരു പരിസ്ഥിതി പഠനം നടന്നിരുന്നു. മത്സ്യബന്ധനം സാധ്യമായ മേഖലകളെപ്പറ്റിയും തീരത്തോടു ചേർന്നുള്ള മത്സ്യസമ്പത്തിന്റെ അമിത ചൂഷണത്തെപ്പറ്റിയുമുൾപ്പെടെയുള്ള റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ് ആഴക്കടൽ മത്സ്യബന്ധനം, സംസ്‌കരണം തുടങ്ങിയവ ഉൾപ്പെടുത്തി ഒരു പദ്ധതി രൂപീകരിക്കാൻ പ്രേരണയായത് എന്നാണ് വിശദീകരണം. സ്വകാര്യ മേഖലയിൽ തൊഴിലാളി സമരവും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണു സർക്കാർ മേഖലയിൽ മത്സ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തു സ്ഥലം ലഭ്യമാകുന്നത് കെഎസ്‌ഐഡിസിയുടെ ചേർത്തല പള്ളിപ്പുറം ഫുഡ് പാർക്കിൽ ആയിരുന്നു.
ഇതിനായി മന്ത്രിയെ കണ്ട് അപേക്ഷ നൽകി. ഏക്കറിന് 1 കോടി 37 ലക്ഷം നൽകി 4 ഏക്കർ സ്ഥലമാണു കെഎസ്‌ഐഡിസിയിൽ നിന്നു 30 വർഷത്തേക്കു പാട്ടത്തിനെടുക്കാൻ തീരുമാനിച്ചത്. സ്ഥലം അനുവദിച്ചുള്ള അലോട്ട്‌മെന്റ് ലെറ്ററും കിട്ടി. ഇനി വേണം പണമടച്ചു സ്ഥലം ഏറ്റെടുക്കാൻ. ഈ പ്രദേശം വളരെ താണിട്ടാണ്. ഇതിനാൽ മണ്ണിട്ടു നികത്തി സ്ഥലം ഒരുക്കിയെടുക്കാൻ മാത്രം 7 കോടി രൂപയോളം ചെലവിടേണ്ടി വരും. നിലവിൽ ഈ സ്ഥലത്തു മത്സ്യ സംസ്‌കരണ ശാല നിർമ്മിക്കാനാണു തീരുമാനം.
പദ്ധതി പ്രകാരം 400 പ്രോട്ടോ ടൈപ്പ് വെസലുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. 2950 കോടി രൂപ ഇതിനായി വേണ്ടി വരുമെന്നും വിലയിരുത്തി. ഇത്തരം 20 കപ്പലുകൾക്ക് സർക്കാർ കൊച്ചി ഷിപ്യാഡിന് ഓർഡർ നൽകിയിരുന്നു. ഇതിൽ പത്തെണ്ണം പൂർത്തിയായെന്നാണു മനസ്സിലാക്കുന്നത്. തമിഴ്‌നാടിന് ഇത്തരം 20 യാനങ്ങളും കൊച്ചിയിൽ നിന്നു നൽകി. ഇത്തരത്തിൽ 400 വെസലുകൾ നിർമ്മിക്കാൻ വേണ്ടി വരുന്ന സമയം കണക്കാക്കിയപ്പോൾ രാജ്യത്തെ എല്ലാ ഷിപ്യാഡുകളും ഉപയോഗപ്പെടുത്തിയാൽ മാത്രമേ ത്വരിത വേഗത്തിൽ ഇതു സാധ്യമാകൂ എന്നു മനസ്സിലായി.
കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസ് എളുപ്പമാകാൻ സംസ്ഥാനത്തു തന്നെ കമ്പനി രൂപീകരിക്കുന്നതാണു നല്ലതെന്ന ഉപദേശം ലഭിച്ചതിനെത്തുടർന്നാണു ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) ലിമിറ്റഡ് രൂപീകരിച്ചത്. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി അങ്കമാലിയിൽ ഓഫിസും തുറന്നു. ഇതിൽ ദുരൂഹതയൊന്നും ഇല്ല. 2014 മുതൽ ആഗോളതലത്തിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി ഗ്ലോബൽ-ഷിബു പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ