- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്കിലെ കൺസോർഷ്യത്തിന്റെ സബ്‌സിഡയറി ആഴക്കടൽ മത്സ്യബന്ധനം പരിപോഷിപ്പിക്കുന്നതിന് കൺസെപ്റ്റ് ലെറ്റർ സമർപ്പിച്ചിട്ടുണ്ട്; കമ്പനിയുടെ ക്രെഡൻഷ്യൽസ് അറിയിക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയത് സെക്രട്ടറി ജ്യോതിലാൽ; 2019 ഒക്ടോബറിലെ ആ കത്തും പുറത്ത്; നടന്നത് ആഴക്കടലിനെ വിൽക്കാനുള്ള നീക്കം തന്നെ
തിരുവനന്തപുരം: അമേരിക്കൻ മോഡൽ അറബിക്കടലിൽ! ആഴക്കടലിലെ മത്സ്യബന്ധനം അമേരിക്കൻ കുത്തകയ്ക്ക് തീറെഴുതാൻ പിണറായി സർക്കാർ നടത്തിയ ഗൂഢാലോചനയുടെ പുതിയ തെളിവും പുറത്ത്. കുറച്ച് ഉദ്യോഗസ്ഥന്മാർ മാത്രമല്ല അതിന്റെ ഉത്തരവാദികൾ. അവർ മാത്രം വിചാരിച്ചാൽ ഇത്രയൊന്നും വലിയ ഇടപാടുകൾ നടത്താൻ കഴിയില്ല എന്ന് എല്ലാവർക്കും ബോധ്യമുള്ളകാര്യമാണ്. യഥാർത്ഥ പ്രതികൾ മന്ത്രിമാരും മുഖ്യമന്ത്രിയുമാണ്. 2019 ഒക്ടോബർ നാലിന് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കേന്ദ്ര സർക്കാരിന് അയച്ച കത്താണ് പുറത്തു വന്നത്. ചെന്നിത്തലയാണ് ഈ കത്തും പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്ക് ഈ പദ്ധതിയെക്കുറിച്ച് അറിവില്ലായിരുന്നു, മന്ത്രിമാർക്ക് അറിവില്ലായിരുന്നു എന്നൊക്കെയാണല്ലോ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് ഈ പദ്ധതിസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്. 3.10.2019 ൽ സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് ഈ പദ്ധതി സംബന്ധിച്ച് കത്തെഴുതിയിരുന്നു. അമേരിക്കയിൽ ന്യൂയോർക്ക് ആസ്ഥാനമാക്കിയിട്ടുള്ള ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യത്തിന്റെ സബ്‌സിഡയറി കമ്പനിയായ ഇ.എം.സി.സി. ഇന്റർനാഷണൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടൽ മത്സ്യബന്ധനം പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കൺസെപ്റ്റ് ലെറ്റർ സമർപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ ഈ കമ്പനിയുടെ ക്രെഡൻഷ്യൽസ് അന്വേഷിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്-രമേശ് ചെന്നിത്തല വിശദീകരിക്കുന്നു.
കേരളത്തിൽ കടൽ തന്നെ വിൽക്കാനാണ് സർക്കാർ നോക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും കേരളത്തിന്റെ മത്സ്യ സമ്പത്തുകൊള്ളയടിക്കുകയും ചെയ്യാനുള്ള വൻ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിൽ നടന്നതെന്ന് വ്യക്തമാണ്. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നെങ്കിൽ മന്ത്രിസഭായോഗത്തിൽ വെച്ച് തീരുമാനിച്ച് ഉത്തരവ് ഇറങ്ങിയേനെയെന്ന് ചെന്നിത്തല പറയുന്നു. അസന്റിന് മൂന്ന് മാസം മുമ്പാണെന്ന് കേന്ദ്ര സർക്കാരിന് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചത്. കേന്ദ്രം മറുപടി നൽകിയിട്ടുണ്ടാവണം. അത് പരിശോധിച്ചിട്ടാണല്ലോ ഈ പദ്ധതിയെ അസന്റിൽ കൊണ്ടുവന്നതും, ധാരണാ പത്രം ഒപ്പിട്ടതും-ചെന്നിത്തല ആരോപിക്കുന്നു.
സർക്കാർ പദ്ധതി വിശദമായി പരിശോധിക്കുകയും, കേന്ദ്രത്തോട് എഴുതി ചോദിക്കുകയും ചെയ്തശേഷമാണ് ഈ പദ്ധതി അസന്റിൽ വയ്ക്കുയും ധാരാണപത്രം ഒപ്പിടുകയുമൊക്കെ ചെയ്തത്. അല്ലാതെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പോലെ ഒരു ദിവസം ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ്.പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അസന്റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി ഒൻപത്,പത്ത് തിയ്യതികളിലാണ്. പക്ഷേ ഇ.എം.സി.സിയുമായി സർക്കർ കരാറിൽ ഒപ്പിട്ടത് 28-02-2020ൽ ആണ്. അതായത് അസന്റ് കഴിഞ്ഞ് 48 ദിവസം കഴിഞ്ഞപ്പോഴാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികൾ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തത്. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചർച്ച നടത്തി ഡീൽ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമാണ്. എന്നാൽ ഈ നടപടികളെല്ലാം തന്നെ നിയമസഭയിൽ നിന്ന് സർക്കാർ പരിപൂർണമായി മറച്ചുവെച്ചു. 12-02 -2020ൽ മോൻസ് ജോസഫ്, പി.ജെ ജോസ്, സിഎഫ് തോമസ് എന്നീ മൂന്ന് എം.എൽ,എമാർ അസന്റിനെപ്പറ്റി ചോദിച്ചപ്പോൾ വ്യവസായ മന്ത്രി ഇ.പി ജയരാജൻ ഒരക്ഷരം പോലും മിണ്ടിയില്ല. അസന്റ് ധാരണാപത്രം ഒപ്പിട്ടവരുടെയും താത്പര്യപത്രം തന്നവരുടെയും വിശദമായ ലിസ്റ്റ് ജയരാജൻ നിയമസഭയ്ക്ക് തന്നിട്ടുണ്ട്. എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ചുള്ള കാര്യങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു-ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പറഞ്ഞത് ഈ മാസം 11 ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ഓഫീസിൽ ഇ.എം.സി.സിയുടെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്ന രണ്ട് പേർ ചെന്ന് സമുദ്രഗവേഷണത്തിനുള്ള ഒരു അപേക്ഷ നല്കിയപ്പോഴാണ് ആദ്യമായി ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞത് എന്നാണ്. എന്തൊരു കളമാണിത്? മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് ഒരാൾ ഇങ്ങനെ കള്ളം പറയാമോ? 2019 ആഗസ്റ്റിൽ ഇ.എം.സി.സിയുടെ സിഇഒ. ഹെരൻസറുമായി മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച് നടത്തിയിട്ടുണ്ടെന്ന് ഞാൻ ഇന്നലെ വെളുപ്പെടുത്തിയിരുന്നു.
ഓർത്തുനോക്കിയാൽ മുഖ്യമന്ത്രിക്ക് അത് ഓർമ്മവരും എന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഓർത്താലും ഇല്ലെങ്കിലും അത് ശരിയാണെന്ന് ഇ.എം.സി.സി പ്രസിഡന്റ് സിജു വർഗ്ഗീസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുമൊത്താണ് ഇ.എം.സി.സി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതെന്നാണ് സിജു വർഗ്ഗീസ് പറഞ്ഞത്. അപ്പോൾ മെഴ്‌സിക്കുട്ടിയമ്മ ദിവസവും എത്ര കള്ളമാണ് പറഞ്ഞു കൂട്ടുന്നത്-ചെന്നിത്തല പറയുന്നു.
ഇന്നലെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞതാണ് രസകരം. ഇ.എം.സി.സിക്കാർ പ്രതിപക്ഷനേതാവുമായി ഗൂഢാലോചന നടത്തുന്നു എന്നാണ് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. അതായത് 'ഞങ്ങൾ അയ്യായിരം കോടിരൂപയുടെ ഒരു പദ്ധതി സർക്കാരിന് നൽകിയിട്ടുണ്ട്. അതെങ്ങനെയെയെങ്കിലും പൊളിച്ചുതരണം' എന്ന് ഇ.എം.സി.സിക്കാർ എന്നെ വന്ന് കണ്ട് പറഞ്ഞു എന്നാണ് മെഴ്‌സിക്കുട്ടിയമ്മ പറയുന്നത് ? കേരളത്തിന്റെ മത്സ്യസമ്പത്ത് വിദേശകമ്പനിക്ക് കൊള്ളയടിക്കാനുണ്ടായ ഈ കരാറുകളെല്ലാം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ