- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി ഉൾപ്പെടെ ആരോഗ്യമേഖലയിൽ വിപുലമായ പദ്ധതി; 2250 കോടിയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തിൽ ബലിയാടാക്കാൻ ആരുമില്ലാത്തുതു കൊണ്ട് മിണ്ടില്ല; വെർച്വൽ ഓഫീസുമായി കേരളത്തെ പറ്റിക്കാനെത്തിയ ആരോഗ്യ കമ്പനിയുടേത് തട്ടിപ്പിന്റെ ചരിത്രം; ഇഎംസിസിയിക്കെതിരെ പരാതികളും സജീവം
കൊല്ലം : അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആരോഗ്യ മേഖലയിലും സർക്കാരിന് ഇടപാട്. ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കുവേണ്ടി ഒപ്പുവച്ച 5000 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും ഇതേ കമ്പനിയുമായുള്ള 2250 കോടിയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിനു മൗനം.
അതിനിടെ കെട്ടിട നിർമ്മാണത്തിനായി പണം കൈപ്പറ്റിയ ശേഷം കരാർ ലംഘിച്ചതുൾപ്പെടെ പരാതികളുമായി ഇഎംസിസി കമ്പനിക്കെതിരെ അമേരിക്കൻ മലയാളികൾ രംഗത്ത്. ഇത് ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷം കൂടുതൽ പേർ പരാതിയുമായി എത്തുകയാണ്. സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ കമ്പനിയുടേതായി പറയുന്ന മേൽവിലാസം വെർച്വൽ ഓഫിസ് സംവിധാനം ലഭ്യമാക്കുന്ന സ്വകാര്യ കമ്പനിയുടേതാണെന്ന ആരോപണവുമുണ്ട്.
പത്തനംതിട്ട നിരണം സ്വദേശി ചെറിയാൻ ഏബ്രഹാം, ആലപ്പുഴ കറ്റാനം സ്വദേശി ജോൺ ജോർജ് തുടങ്ങിയവരാണു സാമ്പത്തിക ഇടപാടു സംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്. വാങ്ങിയ പണം പലിശ സഹിതം നൽകാൻ കോടതി ഉത്തരവിട്ടിട്ടും പാലിച്ചില്ലെന്നാണു പരാതി. ഇതിനിടെയാണ് ദുരൂഹതകൾ ഉള്ള ഈ കമ്പനി ആരോഗ്യ രംഗത്തും സർക്കാരിനെ കൂടെ നിർത്താൻ ശ്രമിച്ചുവെന്ന സൂചന പുറത്തു വരുന്നത്. ഇത് സർക്കാർ ഇപ്പോഴും രഹസ്യമാക്കി വയ്ക്കുകയാണ്.
മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി ഉൾപ്പെടെ ആരോഗ്യമേഖലയിൽ വിപുലമായ പദ്ധതി നടപ്പാക്കാനെന്ന പേരിലാണ് ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിൽ സർക്കാർ ധാരണാപത്രം ഒപ്പുവച്ചത്.
ഇതുൾപ്പെടെ ആകെ 7250 കോടിയുടെ പദ്ധതികൾക്കാണ് ഒപ്പുവച്ചതെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു. എന്നാൽ, ആരോഗ്യപദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണു സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഈ പദ്ധതിയുടെ ഭാഗമായി, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇഎംസിസി ഒപ്പുവച്ച 2950 കോടി രൂപയുടെ ഉപധാരണാപത്രം മാത്രം റദ്ദാക്കാനായിരുന്നു ആദ്യ തീരുമാനം. വിവാദം കനത്തതോടെ 5000 കോടിയുടേതും റദ്ദാക്കാൻ തീരുമാനിച്ചു. എല്ലാത്തിനും കാരണം ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ എംഡി പ്രശാന്ത് ഐഎഎസ് ആണെന്ന് വരുത്താനായിരുന്നു ശ്രമം.
തെളിവുകളില്ലാതെ താൻ ഒരു ആരോപണവും സർക്കാരിനതിരെ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികൾക്ക് നൽകുന്നത് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ്. കൊച്ചിയിൽ നടന്ന നിക്ഷേപസംഗമത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ഇവർക്ക് ചേർത്തലയിൽ സ്ഥലം അനുവദിച്ചു. 400 യാനങ്ങൾ നിർമ്മിക്കാൻ കേരള ഷിപ്പിങ് ആൻഡ് ഇൻലന്റ് കോർപ്പറേഷനുമായി കരാർ ഉറപ്പിച്ചു. ഇത്രയും കാര്യം മുന്നോട്ടുപോയപ്പോഴാണ് താൻ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
ആദ്യം മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഞാനൊന്നും അറിഞ്ഞില്ലെന്നാണ്. മന്ത്രിയുമായി കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പുറത്തുവിട്ടപ്പോൾ പിന്നെ പറഞ്ഞത് കമ്പനിയുടെ ആളുകൾ തന്നെ വന്നു കണ്ടുവെന്നാണ്. എന്താ പറഞ്ഞതെന്ന് എനിക്കോർമയില്ലെന്ന്. വൈകുന്നേരം പറഞ്ഞത് മത്സ്യനയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ്. യഥാർഥത്തിൽ അതാണ് പ്രശ്നം. വിദേശ യാനങ്ങൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി നയത്തിൽ അവർ എഴുതിച്ചേർത്തിരിക്കുന്നു. അതനുസരിച്ചാണ് കമ്പനി പദ്ധതിക്ക് അപേക്ഷ കൊടുത്തത്. ആരോപണം ഉന്നയിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവർക്കും ഭ്രാന്താണെന്ന് പറയുക- അദ്ദേഹം പരിഹസിച്ചു.
രേഖകളില്ലാതെ, വസ്തുതകളില്ലാതെ താൻ ഒരു ആരോപണവും സർക്കാരിനെതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിങ്ലർ ആയാലു ഇഎംസിസി ആയാലും തന്റെ പക്കൽ രേഖകളുണ്ട്. അടിയന്തരമായി കരാർ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യം. അല്ലാത്ത പക്ഷം കേരളം കണ്ട് ഏറ്റവും വലിയ സമരങ്ങൾക്ക് സർക്കാർ സാക്ഷിയാവേണ്ടി വരും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൊള്ളയടിക്കാൻ അമേരിക്കൻ കമ്പനിക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ. ഇതാണോ പാവങ്ങൾക്ക് വേണ്ടിയുള്ള ഭരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അമേരിക്കൻ കമ്പനിയുമായി മുന്നോട്ടുപോവാൻ ധൈര്യമുണ്ടോ എന്ന് താൻ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫിഷറീസിലെ ധാരണാപത്രങ്ങൾ റദ്ദാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ